കെ പി സി സി പുനസംഘടിപ്പിക്കാൻ ധാരണ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ പി സി സി പുനസംഘടിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച ഇക്കാര്യം രാഹുൽ ഗാന്ധിയെ കണ്ട് ആവശ്യപ്പെടും. വനിതാ മതിൽ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾക്കും യോഗം രൂപം നൽകി. ശബരിമല സമരം വേണ്ട വിധം ഏറ്റെടുത്തില്ലന്ന വിമർശനം കെ സുധാകരൻ യോഗത്തിൽ ഉന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഊർജ്വസ്വലമായ നേതൃനിരയാണ് ലക്ഷ്യം. ഡി സി സി അദ്ധ്യക്ഷൻമാർക്ക് മാറ്റമുണ്ടാവില്ല. ബൂത്ത് പ്രസിഡന്റുമാരെ ഇനിയും നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ ഉടൻ നിയമിക്കും. തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പുകളിൽ ഇനി കാര്യമായ ഇടപെടലുണ്ടാകും. വനിതാ മതിൽ പരാജയപ്പെടുത്തും. ലീവ് രേഖപ്പെടുത്താതെയും ഓഫീസ് അടച്ചിട്ടും വനിതാ മതിലിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഡിസംബർ 28ന് മണ്ഡലം തലങ്ങളിൽ നവോത്ഥാന ജാഥ നടത്തും. ശബരിമലയിലെ നിരോധനാജ്ഞ നീക്കാനുള്ള സമരം കോൺഗ്രസ് വേണ്ട വിധം ഏറ്റെടുത്തില്ലന്ന് കെ സുധാകരൻ വിമർശിച്ചു. ശബരിമല വിഷയത്തിൽ മാത്രം കടിച്ചു തൂങ്ങാൻ കോൺഗ്രസിന് കഴിയില്ലന്ന് ബെന്നി ബഹന്നാനും യോഗത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here