ഡല്‍ഹി മുഖ്യമന്ത്രിക്കെതിരായ ആക്രമണം: പ്രതി രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതി രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍. രാജേഷിനു പണം നല്‍കിയത് ഇയാളെന്ന് പൊലീസ് പറയുന്നു. കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യും. രാജ്കോട്ടിലുള്ള ഡല്‍ഹി പൊലീസ് സംഘം അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തും. രാജേഷിന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്.
ഔദ്യോഗിക വസതിയില്‍ നടന്ന ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് പരാതി നല്‍കാന്‍ എന്ന വ്യാജേന എത്തിയ ആള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഗുജറാത്ത് സ്വദേശി രാജേഷ് കിംജിയെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
41 കാരനായ രാജേഷ് കിംജിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാള്‍ക്ക് തെരുവ് നായ്ക്കളോട് അടങ്ങാത്ത സ്‌നേഹമാണെന്നും, അടുത്തിടെ ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് രാജേഷിനെ വേദനിപ്പിച്ചിരുന്നെന്നും മാതാവ് പൊലീസിനോട് പറഞ്ഞു. ഇതാകാം ആക്രമണ കാരണമെന്ന് എന്നാണ് പൊലീസ് നിഗമനം.
ആക്രമിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് പ്രതി വീട്ടില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കുന്നതിന് മുന്‍പുള്ള ദിവസം ഷാലിമാര്‍ബാഗില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ഇയാള്‍ എത്തിയിരുന്നു. ഈ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Story Highlights : Attack on Delhi Chief Minister: Friend of accused Rajesh Khimji also arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here