എസ്.എഫ്.ഐ പ്രവർത്തകർ പോലീസിനെ മർദ്ദിച്ച സംഭവം; പിടികൂടിയത് ഡമ്മി പ്രതികളെയാണെന്ന് ആരോപണം

എസ്.എഫ്.ഐ പ്രവർത്തകർ പോലീസിനെ മർദ്ദിച്ച സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് ഡമ്മി പ്രതികളാണെന്ന് പരിക്കേറ്റ സി പി ഒ ശരത്. എസ് എഫ് ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ശരത് ആരോപിക്കുന്നു. തന്റെ മൊഴി ഇത് വരെ എടുത്തിട്ടില്ല. ഉന്നത തലത്തിൽ കേസൊതുക്കാൻ നീക്കമെന്ന് സംശയിക്കുന്നുവെന്നും ശരത് പറയുന്നു.
ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ശരതിനേയും സഹപ്രവര്‍ത്തകന്‍ വിനയ ചന്ദ്രന്‍ എന്നിവരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിനെതിരെയാണ് ഇപ്പോള്‍ മര്‍ദ്ദനമേറ്റ പോലീസുകാരില്‍ ഒരാള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ട്രാഫിക് നിയമം ലംഘിച്ച് യു-ടേൺ എടുത്ത ബൈക്കിലെത്തിയ വിദ്യാർഥിയെ ട്രാഫിക് പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ വിദ്യാർഥികളും പോലീസിനെ കയ്യേറ്റം ചെയ്തു. കേസിൽ ഏഴു പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സാരമായി പരിക്കേറ്റ ശരത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here