കവിയൂർ കേസ്; നിലപാട് മാറ്റി സിബിഐ

കവിയൂർ കേസിൽ നിലപാട് മാറ്റി സി.ബി.ഐ. അച്ഛൻ മകളെ പീഡിപ്പിച്ചെന്ന മുൻ നിലപാട് തിരുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തെളിവുകളുടെ അഭാവത്തിൽ കവിയൂർ പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനായില്ലെന്നും പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിശദമായ വാദം കേൾക്കാൻ കേസ് ഈമാസം 30ലേക്ക് മാറ്റി.

ഇതു നാലാം തവണയാണ് കവിയൂർ കേസിൽ സി.ബി.ഐ പ്രത്യേക കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.ആദ്യ മൂന്നു റിപ്പോർട്ടിലും അച്ഛൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തള്ളി കോടതി തുടരന്വേഷണത്തിനു ആവശ്യപ്പെട്ടു. അച്ഛൻ മകളെ പീഡിപ്പിച്ചതിനു തെളിവില്ലെന്നാണ് സി.ബി.ഐയുടെ പുതിയ കണ്ടെത്തൽ.
അച്ഛൻ പീഡിപ്പിച്ചെന്ന സാധ്യത മാത്രമാണുള്ളതെന്നും പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഡി.എൻ.എ അടക്കമുള്ള തെളിവുകളുടെ അഭാവത്തിൽ ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു കണ്ടെത്താനായില്ല. കുടുംബത്തിനു പുറത്തു നിന്നാർക്കും ആത്മഹത്യയിൽ പങ്കില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കൊ മക്കൾക്കോ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മരണത്തിനു മുൻപുള്ള 72 മണിക്കൂറിനുള്ളിൽ കവിയൂർ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും
മറ്റു രണ്ടു മക്കളെ അച്ഛൻ കൊലപ്പെടുത്തിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

പ്രതി ലതാ നായർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനിൽക്കുമെന്നും സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2004 സെപ്റ്റംബർ 28 നാണ് കവിയൂരിൽ അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top