എംപാനൽ ജീവനക്കാരെ പിരിച്ചുവിടൽ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; ഇന്ന് 600 സർവ്വീസുകൾ മുടങ്ങും

എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്താകെ ഇന്ന് അറുനൂറോളം സർവീസുകൾ മുടങ്ങാൻ സാധ്യത. ഉയർന്ന വേതനം വാഗ്ദാനം ചെയ്തിട്ടും അധിക ഡ്യൂട്ടി ചെയ്യാൻ സ്ഥിരം കണ്ടക്ടർമാർ തയ്യാറാകാത്തത് കൂടുതൽ തലവേദന സൃഷ്ടിക്കുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സിയിലെ 3861 എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടത്.
ഇന്നലെ വൈകുന്നേരത്തോടു കൂടി എംപാനൽ ജീവനക്കാർ ജോലി അവസാനിപ്പിച്ചു. ഇതോടെ കെ.എസ്.ആർ.ടി.സി രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്ത് ഇന്നലെ 815 സർവീസുകൾ മുടങ്ങി.തിരുവനന്തപുരം മേഖലയിൽ മുന്നൂറും, എറണാകുളം മേഖലയിൽ മുന്നൂറ്റി അറുപതും, മലബാർ മേഖലയിൽ നൂറ്റി അൻപത്തിയഞ്ച് സർവീസുകളുമാണ് മുടങ്ങിയത്.വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മലയോര മേഖലയിൽ സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ കാര്യമായി ബാധിച്ചു. ഇടുക്കിയിൽ മാത്രം 80 ശതമാനം സർവീസുകളാണ് നിലച്ചത്.
ഇന്നു സംസ്ഥാനത്ത് അറുനൂറോളം സർവീസുകൾ മുടങ്ങാനാണ് സാധ്യത. ഉയർന്ന വേതനം വാഗ്ദാനം ചെയ്തിട്ടും സ്ഥിരം കണ്ടക്ടർമാർ അധിക ഡ്യുട്ടി ചെയ്യാൻ തയ്യാറാകാത്തത് കോർപ്പറേഷനു തലവേദന സൃഷ്ടിക്കുന്നു. എന്നാൽ സർക്കാരും കോർപ്പറേഷനും വഞ്ചിച്ചുവെന്നാണ് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ പറയുന്നത്. വരും ദിവസങ്ങളിൽ ലോംഗ് മാർച്ചടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് എംപാനൽ ജീവനക്കാരുടെ തീരുമാനം. നിലവിലെ പ്രതിസന്ധി മറികടക്കാൻ കോർപ്പറേഷൻ ഹൈക്കോടതിയോട് വീണ്ടും സാവകാശം ചോദിച്ചേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here