ഈ സിനിമയിലും ‘ഉമ്മ’ യുണ്ട്, എന്നാലും…; പുതിയ സിനിമയിലെ ഉമ്മയെക്കുറിച്ച് ടൊവിനോ

കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ നടനാണ് ടൊവിനോ തോമസ്. ‘മായാനദി’യിലെ മാത്തനെയും ‘തീവണ്ടി’യിലെ ബിനീഷിനെയുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമകളിലെല്ലാം ടൊവിനോയുടെ ‘ഉമ്മ’യും തീയറ്ററുകളില്‍ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് തന്റെ പുതിയ സിനിമയിലെ ‘ഉമ്മ’യെക്കുറിച്ച് ടൊവിനോ പങ്കുവെച്ച കുറിപ്പ്.
‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ് ഈ പടത്തിലും ഉമ്മ ഉണ്ട് !പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ… ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ…അപ്പൊ ഡേറ്റ് മറക്കണ്ട , ഡിസംബര്‍ 21′ എന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ഈ ചിത്രത്തെക്കുറിച്ചാണ് ടൊവിനോയുടെ പോസ്റ്റ്. ഹമീദ് എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയില്‍ ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
Read more: നിങ്ങളറിഞ്ഞോ…? വാട്‌സ്ആപ്പിലെ പുതിയ മാറ്റം
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നല്ലൊരു കുടുംബചിത്രംകൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിരക്കഥയും ജോസ് സെബാസ്റ്റ്യന്റേതു തന്നെയാണ്. ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here