പാലക്കാട് ജില്ലയിൽ സിപിഎമ്മും സിപിഐയും തമ്മിൽ വീണ്ടും പോര്

പാലക്കാട് ജില്ലയിൽ സിപിഎമ്മും സിപിഐയും തമ്മിൽ വീണ്ടും പോര്. സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് മാറിയ പ്രാദേശിക നേതാവിന്റെ പേരിന് പകരം മറ്റൊരു നേതാവിന്റെ പേര് ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസിൽ അനുമതിയില്ലാതെ ചേർത്തുവെന്നാണ് സിപിഐയുടെ ആരോപണം. പാലക്കാട് ജില്ലയിലെ മണ്ണൂർ, കേരളശേരി, മങ്കര ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനത്തിന്റെ പേരിലാണ് പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയത്.
അടുത്ത ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ ആശംസ നൽകാൻ പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സിപിഐ ലോക്കൽ സെക്രട്ടറിയുടെ പേരിന് പകരം മണ്ഡലം സെക്രട്ടറിയുടെ പേരാണ് നോട്ടീസിൽ അച്ചടിച്ചത് എന്നാണ് ആരോപണം. മണ്ണൂരിൽ സിപിഎം വിട്ട് വന്ന തങ്കപ്പനാണ് നിലവിൽ സിപിഐയുടെ ലോക്കൽ സെക്രട്ടറി. അതു കൊണ്ടാണ് ലോക്കൽ സെക്രട്ടറിയെ മനപ്പൂർവ്വം ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സിപിഐയുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് സിപിഐ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
ചടങ്ങിൽ അധ്യക്ഷനാകുന്ന കോങ്ങാട് എം.എൽ.എയും സിപിഎം നേതാവുമായ കെ.വി വിജയദാസാണ് സംഭവത്തിന് പിന്നിലെന്നാണ് സിപിഐയുടെ ആരോപണം. എംഎൽഎയുടെ നിർദേശപ്രകാരമാണ് നോട്ടീസ് തയ്യാറാക്കിയത് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ എഴുതി നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സിപിഐയോട് ചോദിച്ച ശേഷമാണ് പേര് ചേർത്തതെന്നാണ് എംഎൽഎയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here