മലപ്പുറത്ത് മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു

മലപ്പുറം എടവണ്ണയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ഷാരത്തുകുന്ന് സ്വദേശി ഗോപിയാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. സുരക്ഷാ ഭിത്തി നിർമ്മാണത്തിനിടെ എടവണ്ണ കല്ലിടുമ്പിൽ തൊഴിലാളികൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ തൊഴിലാളികളായ രണ്ട് പേർ ഒരു മണിക്കൂറോളം മണ്ണിനടിയിൽ പെട്ടു. മണ്ണിൽ പൂർണമായും പൂണ്ട നിലയിലായിരുന്നു ഷാരത്തുകുന്ന് സ്വദേശി ഗോപിയുടെ മൃതദേഹം. രണ്ട് പേർ കൂടി മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എടവണ്ണ സ്വദേശി രാകേഷിനെ രക്ഷിച്ചത്. രാകേഷിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ,തിരുവാലി, മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മണ്ണെടുപ്പ് വ്യാപകമായത് മൂലം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുരക്ഷാഭിത്തി നിർമ്മാണം ആരംഭിച്ചത്. മഴക്കാലമായാൽ പ്രദേശത്ത് മണ്ണിടിച്ചിൽ നിത്യസംഭവമാണ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here