പ്രേക്ഷകൻ ആവശ്യപ്പെടുന്ന ചാനലുകൾ നൽകേണ്ടത് എല്ലാ സേവന ധാതാക്കളുടേയും നിർബന്ധിതമായ ബാധ്യത : ട്രായ് ചെയർമാൻ

ഡിടിഎച്ച് കേബിൾ ടിവി കമ്പനികൾ പ്രേക്ഷകനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിയ്ക്കാനാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റി ഫോർ അടക്കം പ്രേക്ഷകൻ ആവശ്യപ്പെടുന്ന ചാനലുകൾ നൽകാൻ ഇനിമുതൽ എല്ലാ സേവന ധാതാക്കളും നിർബന്ധിതമായ് ബാധ്യസ്ഥമാണെന്നും ഈ അവകാശം പ്രേക്ഷകൻ ഉപയോഗിയ്ക്കണം എന്നും അദ്ധേഹം നിർദ്ധേശിച്ചു. പുതിയ ചട്ടങ്ങൾ പ്രതിമാസ നിരക്കുകകൾ കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുകയെന്നും ട്രായ് ചെയർമാൻ വ്യക്തമാക്കി.
എതൊക്കെ ചാനലുകൾ താൻ കാണണം എന്ന് നിശ്ചയിക്കാനുള്ള അവകാശം പ്രേക്ഷകന് നൽകുകയാണ് പുതിയ ചട്ടങ്ങൾ വഴി ട്രായിയുടെ ലക്ഷ്യമെന്ന് ചെയർമാൻ ആർ.എസ് ശർമ്മ പറഞ്ഞു. പ്രേക്ഷകന് ആവശ്യപ്പെടാത്ത ചാനലുകൾ കൂട്ടമായ് നൽകി പണം ഈടാക്കുന്ന ബോക്കെ സംവിധാനം ഇതോടെ അവസാനിയ്ക്കും. ട്വന്റി ഫോർ അടക്കം പ്രേക്ഷകന് ആവശ്യപ്പെടുന്ന എത് ചാനലും പുതിയ ചട്ടങ്ങൾ പ്രകാരം നൽകിയെ മതിയാകു.
പ്രതിമാസ നിരക്കുകൾ വർധിപ്പിയ്ക്കുന്നതാണ് പുതിയ ചട്ടങ്ങൾ എന്ന പ്രചരണത്തെ ട്രായ് ചെയർമാൻ തള്ളി. ഇത് ഈ മേഖലയിലെ നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചരണമാണ്. ഇഷ്ടമുള്ള നൂറ് ചാനലുകൾ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് പ്രതിമാസം ഇനിമുതൽ 130 രൂപയും നികുതിയും മാത്രമേ നൽകേണ്ടി വരു. കൂടുതൽ ചാനലുകൾ വേണമെങ്കിൽ ഇരുപത്തി അഞ്ച് ചാനലുകൾ 20 രൂപയ്ക്ക് തിരഞ്ഞെടുക്കാം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകൾ തയാറാക്കാനുള്ള അവകാശവും ഇനിമുതൽ പ്രേക്ഷകനാണ്.
ആവശ്യമുള്ള ചാനലുകൾ ചോദിയ്ക്കാനുള്ള അവകാശം പ്രേക്ഷകൻ ഉപയോഗിയ്ക്കണമെന്ന് ട്രായ് ചെയർമാൻ നിർദ്ധേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here