Advertisement

പെൻഷനിൽ നിന്നും ഒരു രൂപ പോലും കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല, കര്‍ശന നടപടി: കടകംപള്ളി സുരേന്ദ്രന്‍

December 26, 2018
Google News 0 minutes Read

പെൻഷനിൽ നിന്നും ഒരു രൂപ പോലും കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും  വീഴ്ചകള്‍ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍. ഫെയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍  സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണം ഉയർന്ന ബാങ്കിനോട് വിശദീകരണം തേടുകയും ചെയ്തു.

മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ 

പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹ്യക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ പിരിവ് വാങ്ങിയെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഏതെങ്കിലും സാമൂഹ്യപെന്‍ഷന്‍ ഗുണഭോക്താവില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാതി സഹകരണ വകുപ്പിന് ലഭിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പാലക്കാട് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്തുത ബാങ്കിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്നും അത്തരം വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുമ്പ് ഈ പ്രദേശത്ത് പെന്‍ഷന്‍ വിതരണം നടത്തിയിരുന്ന മറ്റൊരു സഹകരണ ബാങ്ക് പെൻഷൻ വിതരണത്തിൽ വീഴ്ച്ച വരുത്തിയതിനാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ വല്ലതും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ പെന്‍ഷനുകളും ലക്ഷകണക്കിനാളുകളുടെ കൈകളിൽ കൃത്യസമയത്തിന് എത്തിക്കാന്‍ സഹകരണ മേഖല മുഖേന എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ആയിരകണക്കിന് സഹകരണ ജീവനക്കാർ അർപ്പണ മനോഭാവത്തോടെ പ്രയത്നിച്ചാണ് 21 ലക്ഷത്തോളം കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളായി രണ്ടര വർഷത്തിനിടയിൽ 8000 കോടിയോളം രൂപ പെൻഷൻ ആയി യഥാസമയം എത്തിച്ചത്. കേരള സമൂഹത്തിന്റെയൊന്നാകെ അഭിനന്ദനം പിടിച്ചു പറ്റിയ പ്രവർത്തനം ആയിരുന്നു ഇത് . എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചു വച്ച് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, ഏതോ ഒരു ജീവനക്കാരൻ കാണിച്ച അലംഭാവത്തിന്റെ പേരിൽ കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിച്ചത് കഷ്ടമായിപ്പോയി. അതേസമയം പെൻഷനിൽ നിന്നും ഒരു രൂപ പോലും കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല. ഇപ്പൊ വന്ന വീഴ്ച പരിശോധിച്ച് കർശന നടപടി സ്വീകരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here