വനിതാ മതിലിനായി അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി

പാലക്കാട് ജില്ലയിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് വനിതാ മതിലിനായി അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. ആരോപണം ഉയർന്ന ബാങ്കിനോട് വിശദീകരണം തേടി.
ക്ഷേമ പെൻഷനിൽ നിന്ന് ഉപഭോക്താവിന്റെ അനുമതിയില്ലാതെ പണം പിരിച്ച സംഭവത്തിൽ സഹകരണ വകുപ്പ് രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. ആരോപണം ഉയർന്ന ഒറ്റപ്പാലം സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. പരാതി നൽകിയവരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. അതിനിടെ പിരിവ് നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകി.
പാലക്കാട് ജില്ലയിൽ പുതുശ്ശേരി, എലപ്പുള്ളി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് പണം പിരിച്ചതായി പരാതിയുയർന്നത്. രോഗബാധിതരും ഭിന്നശേഷിക്കാരുമടക്കമുള്ളവരിൽ നിന്ന് 100 രൂപ വീതമാണ് വനിതാ മതിലിന്റെ പേരിൽ ഈടാക്കിയത്. ചിലർക്ക് വനിതാ മതിലിന്റെ പേരിലുള്ള രസീതും കൈമാറിയിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ബാങ്കുകൾക്ക് എതിരെ നടപടി സ്വീകരിക്കും. അല്ലെങ്കിൽ പെൻഷൻ വിതരണം ചെയ്ത ഏജന്റിനെതിരെ നടപടിയുണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here