ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ

ശബരിമല തീർത്ഥാടനത്തിന്റെ ആദ്യപാതിക്ക് സമാപനം കുറിച്ച് സന്നിധാനത്ത് ഇന്ന് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചടങ്ങുകൾ തുടങ്ങുക. പൂജയ്ക്ക് ശേഷം ഇന്ന് രാത്രി അടയ്ക്കുന്ന ശബരിമലനട മകര സംക്രമ പൂജകൾക്കായി മുപ്പതിന് വീണ്ടും തുറക്കും
ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ വൈകിട്ടാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ആയിരങ്ങളെ സാക്ഷ്യം നിർത്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. മണ്ഡല കാലത്തെ നാൽപ്പത്തിയൊന്നാം ദിവസത്തെ ഉച്ച പൂജയാണ് മണ്ഡലപൂജയായി കണക്കാക്കുക. കലശവും കളഭാഭിഷേകവുമാണ് ആദ്യ ചടങ്ങുകൾ. കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം, കലശം മേൽശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം നടത്തും. നാന്നൂറ്റി അൻപത്തിയൊന്ന് പവനിൽ തീർത്ത തങ്ക അങ്കി ആഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ആരതി ഉഴിയുന്നതോടെ മണ്ഡലപൂജ സമാപിക്കും. രാത്രി പത്തിന് നടയടച്ചാൽ മകര സംക്രമ പൂജകൾക്കായി മുപ്പതിന് വൈകിട്ടാണ് വീണ്ടും നടതുറക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here