സർക്കാരിന് താത്പര്യമില്ലാത്തത് കൊണ്ടാണ് ശബരിമലയിൽ യുവതി പ്രവേശനം നടക്കാത്തത് : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സർക്കാരിന് താത്പര്യമില്ലാത്തത് കൊണ്ടാണ് ശബരിമലയിൽ യുവതി പ്രവേശനം നടക്കാത്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചട്ടമ്പികളുടെ ശരണംവിളി ഭയന്നല്ല യുവതികൾ കയറാതിരിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. മനിതി സംഘത്തിന് സുരക്ഷ ഒരുക്കിയതിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കും. ആക്ടിവിസ്റ്റുകളുടെ പ്രവർത്തന മികവ് പരിശോധിക്കാനുള്ള സ്ഥലം അല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.
മകരവിളക്ക് കാലത്ത് യുവതികൾ എത്തുന്നത് സുരക്ഷാപ്രശ്‌നം ആകുമെന്ന് സന്നിധാനത്തിന് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയത്. മല കയറാൻ എത്തുന്ന യുവതികൾ വിവേകത്തോടെ ചിന്തിക്കണമെന്നും സംഘപരിവാറിന് സഹായകരമായ നിലപാടുകൾ എടുക്കരുതെന്നു മന്ത്രി പറഞ്ഞു. മകര വിളക്ക് കാലത്ത് ദർശനം നടത്തുമെന്ന് യുവതികൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ലക്ഷ്യവുമായി എത്തുന്നവർക്കുള്ള ഇടമല്ല സന്നിധാനമെന്ന് മന്ത്രി ആവർത്തിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമല്ല, മറ്റ് പ്രശ്‌നങ്ങളിലും ഹൈക്കോടതി നിരീക്ഷക സമിതിക്ക് ഇടപെടാം. കഴിഞ്ഞ ദിവസങ്ങളിൽ ഇതുണ്ടായില്ലെന്നും നിരീക്ഷക സമിതി ക്കെതിരായ പരാമർശങ്ങളിൽ ഉറച്ച് നിന്ന് കടകംപള്ളി വ്യക്തമാക്കി.
അതേസമയം യുവതീ പ്രവേശനത്തിന്റെ കാര്യത്തിൽ ദേവസ്വം മന്ത്രിയുടെത് വൈകിവന്ന വിവേകം ആണെന്ന് മുൻ ദേവസ്വം ബോർഡ് മുൻപ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here