തന്നെ കാണാനില്ലെന്ന വീട്ടുകാരുടെ ആരോപണം തള്ളി കനകദുർഗ

ശബരിലയിൽ ദർശനത്തിനായി എത്തിയ ശേഷം തന്നെ കാണാനില്ലെന്ന വീട്ടുകാരുടെ ആരോപണം തള്ളി കനകദുർഗ. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാൽ ആണ് പൊലീസ് സംരക്ഷണത്തിൽ സുഹൃത്തിൻറെ വീട്ടിൽ കഴിയുകയാണിപ്പോൾ. ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നും കനകദുർഗ ട്വൻറി ഫോറിനോട് പറഞ്ഞു.
ശബരിമല ദർശനം നടത്താനാവാതെ മടങ്ങിയതിന് ശേഷം കനകദുർഗയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഫോണിൽ പോലും ബന്ധപ്പെടാനാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വിവരങ്ങൾ അന്വേഷിച്ച് കോട്ടയം എസ്.പിയെ സമീപിച്ചപ്പോൾ പൊലീസ് സുരക്ഷയിൽ കനകദുർഗയെ വീട്ടിലെത്തിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. കനകദുർഗയെ വീട്ടിലെത്തിക്കുന്നതിന് സർക്കാരും പൊലീസും മുൻകൈ എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
എന്നാൽ, കഴിഞ്ഞദിവസം പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കനകദുർഗ കണ്ണൂരിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ സുഹൃത്തിന്‍റെ വീട്ടിൽ സുരക്ഷിതയായുണ്ടെന്നും പൊലീസ് കസ്റ്റഡിയിലല്ലെന്നും കനകദുർഗ പറഞ്ഞു.
ആക്രമണസാധ്യതയുണ്ടെന്ന പോലീസ് മുന്നറിയിപ്പിനെ തുടർന്ന് ബിന്ദുവും കനകദുർഗയും സുരക്ഷിതമായി മാറിനിൽക്കുന്നുവെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here