മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ട് നിന്ന സംഭവം; കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീം ലീഗ്

മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ട് നിന്ന സംഭവത്തിൽ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീം ലീഗ്. പണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്.
അതേസമയം, കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ നേരത്തെ രംഗത്തെത്തിയിരുന്നു. മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ദേശീയ ജനറൽ സെക്രട്ടറിയുടെ അസാന്നിധ്യം രാഷ്ട്രീയമായി തിരിച്ചടികൾക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. ചർച്ചയിൽ നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതിലെ അതൃപ്തി സമസ്ത ലീഗ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
മുത്തലാഖ് ബില്ല് സംബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാട് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീറും രംഗത്ത് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here