Advertisement

അംബാസഡര്‍ കാറില്‍, വീല്‍ ചെയര്‍ കാറിനു മുകളില്‍ കെട്ടിവച്ച് അയാള്‍ യാത്രയായി

December 31, 2018
Google News 1 minute Read

അരയ്ക്ക് താഴെ തളര്‍ന്ന സൈമണ്‍ ബ്രിട്ടോയുടെ ഭാരതപര്യടനം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായിരുന്നു. 2015 ഏപ്രിലിലാണ് സൈമണ്‍ ബ്രിട്ടോ ഇന്ത്യയെ അറിയുക എന്ന ലക്ഷ്യത്തോടെ യാത്ര ആരംഭിച്ചത്. യാത്രയ്ക്ക് ശരീരം അനുവദിക്കുമോ എന്ന ഭയം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ആ ഭയത്തിന് മുന്‍പില്‍ അദ്ദേഹം തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടും കല്‍പ്പിച്ച് യാത്ര തുടങ്ങി. ബ്രിട്ടോ യാത്ര ആരംഭിച്ചത് ഏപ്രില്‍ ഒന്നിനാണ്. അതും അംബാസിഡര്‍ കാറില്‍. മൂന്ന് വര്‍ഷമായി ഒപ്പമുള്ള അര്‍ജുന്‍ ദാസും വയനാട്ടുകാരനായ ഡ്രൈവര്‍ ജിജോയും യാത്രയെപ്പറ്റി കേട്ടറിഞ്ഞെത്തിയ കാക്കനാട് സ്വദേശി ചാക്കോയും ഒരുമിച്ചായിരുന്നു യാത്ര.

ചുട്ടുപൊള്ളുന്ന ഏപ്രില്‍ മാസം തന്നെ യാത്ര ആരംഭിച്ചതിനും കാരണങ്ങളുണ്ട്. രാത്രി തലചായ്ക്കണമെങ്കില്‍ ഏത് പാതയോരത്തും കാര്യം സാധിക്കും. മഴക്കാലമായാല്‍ അത് നടക്കില്ല. തങ്ങാന്‍ മുറിയെടുക്കേണ്ടി വരും. അത് പോക്കറ്റ് ചോര്‍ത്തും. ഇക്കാരണത്താലാണ് യാത്രയ്ക്കായി ഏപ്രില്‍ മാസം തന്നെ തെരഞ്ഞെടുത്തത്. വീൽചെയറും യൂറിൻ ബോട്ടിലും കിടക്കയും വാക്കറും….ഒപ്പം രണ്ടു കന്നാസ് നിറയെ കുടിവെളളവും. കൊച്ചി വടുതലയിലെ വീട്ടില്‍ നിന്നാണ് സൈമണ്‍ ബ്രിട്ടോ യാത്ര ആരംഭിച്ചത്. ആദ്യം പോയത് ഹിമാലയത്തിലേക്കാണ്. അജന്തയും എല്ലോറയും നളന്ദയും ബോപ്പാലുമെല്ലാം ആ വിപ്ലവപോരാളി ഊര്‍ജ്ജസ്വലനായി കണ്ടുതീര്‍ത്തു. ഒരു നേരം മാത്രമായിരുന്നു യാത്രയില്‍ ഭക്ഷണം കഴിച്ചിരുന്നത്. അത് തന്നെയാണ് പതിവും. മറ്റ് സമയങ്ങളില്‍ പഴങ്ങള്‍ കഴിക്കും. ചൂട് സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ശരീരത്തില്‍ വെള്ളമൊഴിച്ച് തണുപ്പിക്കും. 138 ദിവസങ്ങളാണ് ഭാരതപര്യടനത്തിനായി സൈമണ്‍ ബ്രിട്ടോ ചെലവഴിച്ചത്.

മെയ് രണ്ടിന് ഗംഗോത്രിയിലേക്കുള്ള യാത്രക്കിടെ മരണത്തെയും ബ്രിട്ടോയും സംഘവും മുഖാമുഖം കണ്ടു. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലൂടെയുള്ള യാത്രാ റോഡ്‌ വളരെ ഇടുങ്ങിയത്, ആള്‍ താമസം കുറവ്, ഗംഗോത്രിക്ക് 30 കിലോമീറ്റര്‍ മുന്‍പ് സുഖിയ്യ എന്ന സ്ഥലത്ത് വച്ച് കാറിന്റെ വലതുവശത്തെ വീലിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കാതെയായി. ഡല്‍ഹി മുതല്‍ യാത്രയില്‍ ഒപ്പം കൂടിയ ഭാര്യയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സീനയും മകളും കൂടെയുണ്ടായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട നിമിഷത്തില്‍ രക്ഷകനായത് ആര്‍മിയില്‍ ജോലി ചെയ്യുന്ന ശിവപ്രസാദാണ്. പട്ടാളക്കാര്‍ക്കൊപ്പം ഒരു ദിവസത്തെ താമസം. പിന്നീട് കേട് വന്ന ബ്രേക്ക് വിച്ഛേദിച്ച് മൂന്ന് വീലിന്റെ ബ്രേക്ക് മാത്രമായി 60 കിലോ മീറ്ററോളം യാത്ര ചെയ്ത് ഉത്തര കാശിയിലെത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. യാത്രയില്‍ തന്നെ ഏറെ സ്വാധീനിച്ചത് എല്ലോറ ഗുഹയാണെന്നാണ് ബ്രിട്ടോ പറയുന്നത്. വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ നാട് ഏറെ മെച്ചമാണെന്നാണ് ഇന്ത്യായാത്ര ബ്രിട്ടോയെ പഠിപ്പിച്ച പാഠം. വഴിയരികില്‍ കിടന്നുറങ്ങി,കുളിച്ച്, ഭക്ഷണം കഴിച്ചുള്ള യാത്രയില്‍ ഓരോ നിമിഷവും വലിയ അനുഭവമാണ് ബ്രിട്ടോക്കും സംഘത്തിനും പകര്‍ന്നത്.

Read More: ‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം’; ഉള്ളുലയ്ക്കുന്ന വരികള്‍

ഭാരത പര്യടനത്തില്‍ ബ്രിട്ടോ താണ്ടിയത് 18,000 കിലോമീറ്ററുകള്‍. നാലര മാസക്കാലം രാജ്യത്തിന്റെ ഹൃദയവീഥികളിലൂടെയെല്ലാം പട്ടിണിപ്പാവങ്ങളുടെ ജീവിതം കണ്ടറിഞ്ഞും വഴിയോരങ്ങളില്‍ അന്തിയുറങ്ങിയും മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ ഇന്ത്യയെ കണ്ടറിയുകയായിരുന്നു. ഒടുവില്‍ 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെ തന്റെ സ്വപ്നസഞ്ചാരം പൂര്‍ത്തിയാക്കി സൈമണ്‍ ബ്രിട്ടോ നാട്ടില്‍ തിരിച്ചെത്തി. 2015 ഏപ്രില്‍ 1 ന് കൊച്ചിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട കെ.എല്‍. 7 ബിഡി 9733 നമ്പറിലുള്ള വെള്ള അംബാസര്‍ കാര്‍ വടുതല ബോട്ടുജെട്ടി റോഡിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോള്‍ ഏറെ ദുരിതങ്ങള്‍ താണ്ടിയും ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആനന്ദമായിരുന്നു ബ്രിട്ടോയുടെ മുഖത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here