ഇന്നും നാളെയുമായി ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം : എംടി രമേശ്

ആചാരലംഘനം സർക്കാരിന്റെ ഗൂഢാലോചനയെന്ന് എംടി രമേശ്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്നും നാളെയുമായി കേരളം മുഴുവനും വലിയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകും. അയ്യപ്പ കർമ്മസമിതിയും അയ്യപ്പ ഭക്തരും നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങൾക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്കു പറയിക്കുമെന്നും എംടി രമേശ് പറഞ്ഞു.
പമ്പയിൽ നിന്ന് ആംബുലൻസ് വഴി സ്ത്രീകളെ കയറ്റിയിട്ടുണ്ടാകാമെന്ന് എംടി രമേശ് പറഞ്ഞു. ഇത് ആസൂത്രിതമാണെന്നും അങ്ങനെയെങ്കിൽ മുഖ്യമന്ത്രി കോടിക്കണക്കിന് അയ്യപ്പ ഭക്തരെ വഞ്ചിച്ചിരിക്കുകയാണെന്നും എംടി രമേശ് പറഞ്ഞു. സർക്കാരിന്റെ അജണ്ഡയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്നും ശബരിമല ആചാരലംഘനം സർക്കാരിന്റെയും സിപിഎമ്മിന്റെയും അജണ്ഡയാണെന്നും രമേശ് പറഞ്ഞു.
സ്ത്രീകളെ കയറ്റാൻ ആഗ്രഹമില്ലെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞിരുന്നതെന്നും എന്നാൽ പലതവണ സന്നിധാനത്ത് സ്ത്രീകളെ കയറ്റാൻ അവർ പരിശ്രമിച്ചുവെന്നും എംടി രമേശ് ആരോപിച്ചു. ആചാരലംഘനം സർക്കാരിന്റെ ഗൂഢാലോചനയാണെന്ന ബിജെപിയുടെ വാദം വസ്തുതാപരമാണെന്ന് ഒന്നുകൂടി ബോധ്യപ്പെട്ടിരിക്കുകയാണെന്നും എംടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here