ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്സ്ജെന്ററിനെ പമ്പയില്‍ തടഞ്ഞു, മടക്കി അയച്ചു

ശബരിമല ദര്‍ശനത്തിനായി എത്തിയ ട്രാന്സ്ജെന്ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് ഇവര്‍ തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് സംഭവം. കയല്‍ പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയത്.
ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പിന്നാലെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. ഇതെ തുടര്‍ന്ന് തിരിച്ച് പോകുകയാണെന്ന് കയല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്നാണ് കയല്‍ മാധ്യമങ്ങളോട് പറഞ്ഞത്. കയലിനെ പൊലീസ് അകമ്പടിയോടെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്ന് ഇവര്‍ മടങ്ങിയെന്നാണ് വിവരം. അതേസമയം ഡിസംബര്‍ 18ന് നാല് ട്രാന്സ്ജെന്റര് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here