വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വിജയ് മല്യയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് നടപടി. ഇതോടെ വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള തടസ്സങ്ങൾ നീങ്ങി. പിഎംഎൽഎ ആക്ട് പ്രകാരം സാമ്പത്തിക കേസിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് മല്യ
പൊതുമേഖല ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട കേസിലാണ് വിജയ് മല്യയെ പടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിൽ കഴിഞ്ഞ ആഗസ്തിൽ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭേദഗതി പ്രകാരം, നൂറ് കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക കുറ്റ കൃത്യത്തിൽ ഏർപ്പെടുകയും, നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം വിടുകയും ചെയ്താൽ അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാം. ഇങ്ങനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയായി ഇന്നത്തെ ഉത്തരവോടെ വിജയ് മല്യ മാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ മല്യയുടെ രാജ്യത്തിനകത്തുള്ള മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് കഴിയും. വായ്പ തട്ടിപ്പ് നടത്തിയ ശേഷം ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പികിട്ടാപ്പുള്ളിയായി വിധിച്ചതോടെ വിജയ് മല്യക്ക് മേലുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here