ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോര്‍ഡിന് അധികാരം ഉണ്ട്: കടകംപള്ളി സുരേന്ദ്രൻ

ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോര്‍ഡിന് അധികാരം ഉണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യത്തിൽ തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം തീരുമാനമെടുക്കും. തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യുവതി പ്രവേശന വിവാദത്തിൽ തന്ത്രിയെ ശബരിമല കർമ്മ സമിതി ആയുധമാക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.
തന്ത്രി ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കര്‍മ്മമായിരിക്കും എന്നാല്‍ അത് സുപ്രീംകോടതി വിധിക്കെതിരാണ്.അതില്‍ അയിത്താചാരത്തിന്‍റെ പ്രശ്നം പോലും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല. താന്ത്രികവിധി പ്രകാരം ആയിരിക്കും തന്ത്രി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ചെയ്തത് സുപ്രീംകോടതി വിധിക്കെതിരാണ്. തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാവും എന്നാണ് കടകംപള്ളി പറഞ്ഞത്.
കര്‍മസമിതി എന്നു പറയുന്നത് ആര്‍എസ്എസ് അതില്‍ സംശയമൊന്നുമില്ല. ജനാധിപത്യസംവിധാനത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമങ്ങള്‍ അനുവദിക്കില്ല. പൊലീസ് സ്റ്റേഷന് ബോംബ് എറിഞ്ഞ ആര്‍എസ്എസ് നേതാവിന്‍റെ ദൃശ്യം നമ്മള്‍ കണ്ടു. എന്തിനാണ് ഇങ്ങനയൊക്കെ ചെയ്യുന്നത്. ഒരു പൊലീസ് വെടിവെപ്പിന് വേണ്ട കളമൊരുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വെടിവെപ്പിലൂടെ കുറച്ചു ബലിദാനികളെ ഉണ്ടാക്കി അതു വച്ച് കേരളത്തില്‍ കേന്ദ്ര ഇടപെടല്‍ നടത്താനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here