മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ അപ്സര റെഡ്ഡി

മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും, മാധ്യമ പ്രവര്‍ത്തകയുമായ അപ്സര റെഡ്ഡി. രാഹുല്‍ ഗാന്ധിയാണ് അപ്സരയെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. പഠനകാലയളവില്‍ തന്നെ അപ്‌സര പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വ്യക്തിയാണ് അപ്സര.
ഒരു മാസം മുമ്പ് അപ്സര ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ തീരുമാനം. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് അപ്സര രാജി വയ്ക്കുകയും ചെയ്തു. ബിജെപി വളരെ പ്രതിലോമപരവും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ഇടവും അനുവദിക്കാത്ത പാര്‍ട്ടിയാണെന്നായിരുന്നു അന്ന് രാജിയ്ക്ക് കാരണമായി അപ്സര വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം നല്‍കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തന്നെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചതെന്ന് അപ്‌സര റെഡ്ഡി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here