ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ്; സുപ്രിം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു

ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ജനുവരി പത്തിന് വാദം കേള്‍ക്കല്‍ ആരംഭിക്കും. കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന ആവശ്യം മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളിയിരുന്നു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീലുകളാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുക.
പള്ളി ഇസ്ലാമിക വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ല എന്ന ഇസ്മായില്‍ ഫറൂഖി കേസിലെ വിധിയുടെ ഭരണഘടന സാധുത കൂടി പരിശോധിച്ച് വേണം ബാബരി കേസില്‍ വിധി പറയാനെന്ന് നേരത്തെ സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കേസ് പരിഗണിച്ചിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യം തള്ളി. തുടര്‍ന്ന് മൂന്നംഗങ്ങളുള്ള പുതിയ ബെഞ്ചായിരിക്കും ബാബരി കേസ് പരിഗണിക്കുകയെന്നാണ് കരുതപ്പെട്ടിരുന്നു. ഇത് തകിടം മറിച്ചാണ് അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കാനുള്ള തീരുമാനം സുപ്രിം കോടതി പുറത്ത് വിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് നയിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരായിരിക്കും മറ്റ് അംഗങ്ങള്‍. ജനുവരി പത്തിന് രാവിലെ 10.30ന് ഭരണഘടന ബെഞ്ച് കേസ് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here