സീറോ മലബാര്‍ സഭയില്‍ പരിഹാര സമിതി രൂപീകരിക്കും

സീറോ മലബാര്‍ സഭയില്‍ ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ നടപ്പാക്കുമെന്നു സഭയുടെ സിനഡ് വ്യക്തമാക്കി. ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, സന്യസ്തഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ ലക്ഷ്യമിടുന്നത്.
Read Also: സിസ്റ്റർ ലൂസി സഭയ്ക്ക് ദുഷ്‌പേരുണ്ടാക്കി : ദീപിക പത്രം
സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയില്‍ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികള്‍ക്കും സാഹചര്യം ഉണ്ടാകണം എന്നതാണു സഭയുടെ ആഗ്രഹം. രൂപതകളിലും ഇടവകകളിലും സന്യാസാശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലും സുരക്ഷിതമായ സാഹചര്യങ്ങളാണുള്ളത്. ഇതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണു നയരൂപീകരണത്തിന്റെ കാതല്‍. ഇതു സംബന്ധിച്ചു കെസിബിസി പുറപ്പെടുവിച്ച രേഖകളാണു നയത്തിന് ആധാരം.
സഭയ്ക്കകത്തു നിന്നും പുറത്തുനിന്നും സഭയുടെപേരില്‍ ആരോപിക്കുന്ന പരാതികളില്‍ പരിഹാരമുണ്ടാക്കുന്നതിനു രൂപതകള്‍ ആവശ്യമായ സമിതികള്‍ രൂപീകരിക്കണം. അല്മായരുടെ പ്രാതിനിധ്യം ഇത്തരം സമിതികളില്‍ ഉറപ്പുവരുത്തണം. പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പു കല്പിക്കാനുള്ള ആര്‍ജ്ജവവും, നീതി നടപ്പിലാക്കാനുള്ള സഭയുടെ ഉത്തരവാദിത്തവും പ്രായോഗികതലത്തിലെത്തിക്കാന്‍ ഈ സമിതികള്‍ സഹായിക്കുമെന്നു സഭ വിശ്വസിക്കുന്നതായും സിനഡ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here