അലോക് വർമ്മയുടെ രാജിയിലേക്ക് നയിച്ച സർക്കാർ നടപടി സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് : ശശി തരൂർ

രാജ്യത്തെ സ്ഥാപനങ്ങളെ മോദി സർക്കാർ തകർക്കുകയാണെന്ന് കോൺഗ്രസ്. അലോക് വർമ്മയുടെ രാജിയിലേക്ക് നയിച്ച സർക്കാർ നടപടി സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വർമ സ്ഥാനം ഒഴിഞ്ഞത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വർമ രാജി സന്നദ്ധത അറിയിച്ചത്. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നൽകിയത്. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും.
പുതിയ ചുമതല സ്വീകരിക്കാൻ തയ്യാറല്ലെന്ന് അലോക് വർമ അറിയിച്ചു. ഫയർ ആൻഡ് സർവീസ് ഡിജി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് അലോക് വർമ കത്തയച്ചു. ഇന്ന് മുതൽ താൻ സർവീസിൽ നിന്ന് സ്വയം വിരമിച്ചിരിക്കുന്നു എന്ന് കത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here