സിബിഐ; ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ . കേരള ഡിജിപി ലോക്നാഥ് ബെഹ്റ സാധ്യത പട്ടികയിൽ നിന്ന് പുറത്തായതായി സൂചനയുണ്ട് . അതേസമയം ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവുവിനെ വീണ്ടും നിയമിച്ചതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു .
പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാനായുള്ള ഉന്നതതല സമിതി യോഗം ഈ മാസം തന്നെ ചേരുമെന്നാണ് വിവരം. അലോക് വര്‍മ്മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര്‍ റാവു ജനുവരി 31 വരെ പദവിയിൽ തുടരും. ഫെബ്രുവരി ഒന്ന് മുതൽ സ്ഥിരം ഡയറക്ടർ സിബിഐ യുടെ തലപ്പത്ത് ഉണ്ടാകും.
പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ലോക്‌നാഥ് ബെഹ്‌റ പുറത്തായെന്നാണ് സൂചന. 27 പേരുടെ പട്ടികയില്‍ 9 ആയി ചുരുങ്ങി. ഇതില്‍ നിന്നും മൂന്നു പേരുകളാണ് ഉന്നതതല സമിതിയുടെ പരിഗണനയിലേക്ക് എത്തുക .ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘാഗം വൈസി മോദി ഒമ്പതംഗ പട്ടികയില്‍ ഉണ്ട്. രാജേഷ് രജ്ഞന്‍, ജവീദ് അഹമ്മദ്, വിവേക് ജൊഹ്‌റി, ഒപി ഗല്‍ഹോത്ര, അരുണ്‍ കുമാര്‍, റൈന മിത്ര, രജനികാന്ത് മിശ്ര,എസ്എസ് ദേശ്വല്‍ എന്നിവരാണ് പട്ടികയിലുള്ളവർ.
അതേസമയം അലോക് വർമ സർവ്വീസിൽ നിന്ന് രാജി വെച്ചിട്ടും സിബിഐയുടെ അഭ്യന്തര കലഹത്തിന്റെ അലകൾ തീരുന്നില്ല. അലോക് വർമ പടിയിറങ്ങിയതിന് പിന്നാലെ കൂട്ട സ്ഥലം മാറ്റമാണ് നടക്കുന്നത്. അധികാരമുപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. റഫേല്‍ വിഷയവുമായി ബന്ധപ്പെട്ട പല ഫയലുകളും അലോക് വര്‍മ്മ കണ്ടിട്ടുണ്ട് ഇതിനെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ അദ്ദേഹം പുറത്തു വിടുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. അതിനിടെ ഉന്നതതല സമിതിയുടെ അനുമതി ഇല്ലാതെ നാഗേശ്വർ റാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടർ ആക്കിയതിന് എതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here