കോണ്‍ഗ്രസ്സിനൊപ്പമില്ല; ഉത്തര്‍പ്രദേശില്‍ എസ് പി – ബി എസ് പി സഖ്യം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണ. 38 സീറ്റുകളില്‍ വീതമാണ് ഇരുപാര്‍ട്ടികളും മത്സരിക്കുക. അതേ സമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ലെന്ന് മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസും ബി.ജെ.പി.യും ഒരു പോലെ അഴിമതി പാര്‍ട്ടികളാണെന്നും രാജ്യതാല്‍പര്യം പരിഗണിച്ചാണ് സഖ്യമെന്നും ഇരുവരും വ്യക്തമാക്കി. ജനങ്ങള്‍ക്ക് മോദി ഭരണത്തില്‍ അമര്‍ഷമുണ്ടെന്നും ബി ജെ പി രാജ്യത്തു നിന്നു തന്നെ തുടച്ചുനീക്കപ്പെടുമെന്നും മായാവതി പറഞ്ഞു. വിശാലസഖ്യത്തെ മോദി ഭയപ്പെടുന്നുണ്ട്. മോദിയെ ഇനി കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്.
കോണ്‍ഗ്രസ് അഴിമതിയുടെ കറപുരണ്ട പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് സഖ്യം കൊണ്ട് ഗുണമുണ്ടാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ദളിത്, മുസ്ലീം വോട്ടുകളും പരമ്പരാഗതമായി ബി എസ് പി യ്ക്ക് ലഭിക്കുന്ന ബ്രാഹ്മിന്‍ വോട്ടുകളും കൂടി ലഭിച്ചാല്‍ മികച്ച വിജയമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസിനെസംബന്ധിച്ച് വലിയ തിരിച്ചടിയാണ് എസ് പിയുടെയും ബി എസ് പിയുടെയും സഖ്യ പ്രഖ്യാപനം. ഇതിനെ മറികടക്കാന്‍ അവര്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും. 2014ല്‍ എണ്‍പതില്‍ 72 ലോക്‌സഭാ സീറ്റുകളും ഉത്തര്‍ പ്രദേശില്‍ നിന്ന് നേടിയ ബി ജെ പിക്കും അഖിലേഷ്-മായാവതി കൂട്ടുകെട്ട് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here