ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജൻ മാപ്പ് പറയണം : രമേശ് ചെന്നിത്തല

ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചർച്ചയ്ക്കു മുൻപു വ്യവസായ മന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കു തയ്യാറാകണമെന്നും സമരപ്പന്തൽ സന്ദർശിച്ച ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ 8 മണിയോടെയാണ് രമേശ് ചെന്നിത്തല ആലപ്പാടേക്കെത്തിയത്. വെള്ളനാതുരുത്തിലെ ഖനന പ്രദേശത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.
സമരപ്പന്തലിലെത്തിയ ചെന്നിത്തല പ്രവർത്തകരുമായി സംസാരിച്ച് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും മലപ്പുറത്തുകാരല്ല ആലപ്പാട്ടുകാർ തന്നെയാണ് സമരം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആലപ്പാട്ടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഗുരുതരമാണ്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടണമെന്നും ദുർവാശി വെടിഞ്ഞ് സർക്കാർ സമരക്കാരുമായി ചർച്ച നടത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സമരത്തിന് പിന്തുണ മാത്രമാണ് നൽകുന്നതെന്നും ജനകീയ സമരത്തിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here