സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള തീരുമാനത്തെ തന്റെ നിയമനവുമായി ബന്ധിപ്പിച്ചതിൽ ദു:ഖമറിയിച്ച് ജസ്റ്റിസ് എ.കെ.സിക്രി

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള തീരുമാനത്തെ തന്റെ നിയമനവുമായി ബന്ധിപ്പിച്ചതിൽ ദു:ഖമറിയിച്ച് ജസ്റ്റിസ് എ.കെ.സിക്രി. ഉന്നതതലസമിതിയിൽ നിയോഗിച്ചത് കഴിഞ്ഞയാഴ്ചയാണെന്നും ട്രൈബ്യൂണലിലെ ഇന്ത്യൻ പ്രതിനിധിയാകാനുള്ള സമ്മതം അറിയിച്ചത് കഴിഞ്ഞ ഡിസംബറിലാണെന്നുമാണ് സിക്രിയുടെ വാദം. അതേസമയം നിയമനവിഷയം അറിയാമായിരുന്നിട്ടും ഉന്നതതലസമിതിയിൽ നിന്ന് ജസ്റ്റിസ് സിക്രി എന്തുകൊണ്ട് മാറിനിന്നില്ലെന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.
കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയായ കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബ്യൂണലിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയായി ജസ്റ്റിസ് സിക്രിയുടെ പേര് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനമെടുത്ത സമിതിയിൽ അംഗമായ സാഹചര്യത്തിൽ ജസ്റ്റിസ് സിക്രിയുടെ ഈ നിയമനം വിവാദമായി. അലോക് വർമ്മയെ നീക്കാൻ പ്രധാനമന്ത്രിക്കൊപ്പം നിന്നതിൻറെ പ്രത്യപകാരമായാണ് വിമർശകർ നിയമനത്തെ വിലയിരുത്തിയത്. ഇക്കാര്യം ചർച്ചയായതോടെ പദവി സ്വീകരിക്കാനുള്ള തീരുമാനം ജസ്റ്റിസ് സിക്രി പിൻവലിച്ചു. പിന്നാലെയാണ് തൻറെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ ജസ്റ്റിസ് സിക്രി ഖേദമറിയിച്ചത്.
അലോക് വർമ വിഷയം പരിഗണിക്കുന്ന ഉന്നതതലസമിതിയിൽ നിയോഗിച്ചത് കഴിഞ്ഞയാഴ്ച മാത്രമാണ്. കോമൺവെൽത്ത് ട്രൈബ്യൂണലിലെ ഇന്ത്യൻ പ്രതിനിധിയാകാൻ സമ്മതമറിയിച്ചതാകട്ടെ കഴിഞ്ഞ ഡിസംബറിലാകും. പിന്നെയെങ്ങനെ പദവി കേന്ദ്രത്തിൻറെ പ്രത്യുപകാരമാകുമെന്ന് ജസ്റ്റിസ് സിക്രി ചോദിക്കുന്നു. എന്നാൽ, നിയമനവിഷയം അറിയാമായിരുന്ന സിക്രി ഉന്നതതലസമിതിയിൽ നിന്ന് എന്തുകൊണ്ട് മാറിനിന്നില്ലെന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here