തമിഴ്നാട്ടില്‍ ബിജെപി സഖ്യ സാധ്യത തള്ളി എഐഎഡിഎംകെ; തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നല്കി എഐഎഡിഎംകെ നേതാവ്. ബിജെപി സഖ്യ സാധ്യത തള്ളി, എഐഎഡിഎംകെ മുതിര്‍ന്ന നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ സെല്ലൂര്‍ കെ രാജുവാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ 39 സീറ്റുകളിലും പുതുച്ചേരിയിലും തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നതെന്ന് സെല്ലൂര്‍ രാജു വ്യക്തമാക്കി. ബിജെപിയുമായുള്ള കൂട്ടു രാഷ്ട്രീയത്തെ തള്ളി എഐഎഡിഎംകെ എംപിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സെല്ലൂര്‍ രാജുവിന്റെ പ്രതികരണം.
കോണ്‍ഗ്രസിനോ ബിജെപിക്കോ തമിഴ്നാട്ടില്‍ ശക്തി തെളിയിക്കാന്‍ കഴിയില്ലെന്നാണ് സെല്ലൂര്‍ രാജുവിന്റെ അഭിപ്രായം. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. അവര്‍ അത് അവസാനിപ്പിക്കണം. നോട്ടയേക്കാള്‍ വോട്ട് ലഭിക്കാന്‍ തമിഴിസൈ ഊര്‍ജം വിനിയോഗിക്കണമെന്നും രാജു പരിഹസിച്ചു. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യമൊഴികെ മറ്റേത് പാര്‍ട്ടിയുമായി സഹകരിക്കുമെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷ.
നിയമസഭ, ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ മങ്ങിയ പ്രകടനം കാഴ്ചവെച്ച ബിജെപിക്ക് തമിഴ്നാട്ടില്‍ എഐഎഡിഎംകെയെ കൂട്ടുപിടിച്ചു മാത്രമേ വിജയം കൊയ്യാന്‍ സാധിക്കുകയുള്ളൂ. ബിജെപിയുടെ വാതില്‍ അണ്ണാ ഡിഎംകെയ്ക്ക് മുന്നില്‍ എപ്പോഴും ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ അണികളോടായി പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ഒരു സീറ്റുമാത്രമുള്ള ബിജെപിക്ക് കോണ്‍ഗ്രസിനോടുള്ള അങ്കം എങ്ങനെയും ജയിക്കുക എന്നത് ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. കോണ്‍ഗ്രസിനോട് അടുത്തു നില്ക്കുന്ന ഡിഎംകെ ചെയര്മാന് എംകെ സ്റ്റാലിനും ബിജെപിക്ക് ചെറുതല്ലാത്ത ഭീഷണി ഉയര്‍ത്തുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം പരുങ്ങലിലായ പാര്‍ട്ടിയുടെ നിലനില്‍പ്പ് ബിജെപിയുമായി ചേര്‍ന്ന് തിരിച്ചു പിടിക്കാമെന്ന് ചില അണ്ണാ ഡിഎംകെ നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എതിര് അഭിപ്രായത്തിന് തന്നെയാണ് മുന്‍ തൂക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here