ഔദ്യോഗികമായി ക്ഷണിച്ചില്ല; ക്ഷണിച്ചാല്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ആലപ്പാട് സമര സമിതി

മുഖ്യമന്ത്രി ഇന്ന് നടത്തുന്ന ചര്‍ച്ചയിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ആലപ്പാട് സമരസമിതി നേതാക്കള്‍. രേഖാ മൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്നും ഇവര്‍ പറയുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് കരിമണൽ ഖനനത്തിന് എതിരായ ആലപ്പാട്ടെ ജനകീയ സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിലാണ് ചർച്ചയെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ സമരസമിതി പറയുന്നത്.
ആലപ്പാട്ടെ ഖനനം സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സീ- വാഷിംഗ് നിർത്തിവെക്കാനുമടക്കമുള്ള തീരുമാനമാണ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഇന്നലെ ഉണ്ടായത്. ഖനനത്തിനെതിരായ പ്രതിഷേധം ശക്തമായതോടെയാണ് സമരസമിതിയെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ തയ്യാറായത്.
അതേസമയം ആലപ്പാട് ഖനനവിരുദ്ധ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇന്ന് 78ാം ദിവസത്തിലേക്കു് കടന്നു. ചെറിയഴീക്കൽ അരയവംശപരിപാലന യോഗത്തിന്റെ ഭാരവാഹികളാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here