അറിയാം തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ നാള്‍ വഴികള്‍

1950 ജനുവരി 26, ഇന്ത്യ ഒരു റിപ്പബ്ലിക്കായി. മാർച്ചിൽ സുകുമാർ സെൻ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷനായും ചുമതലയേറ്റു. പുതിയ ഭരണഘടനാടിസ്ഥാനത്തിൽ ഉടനെ തന്നെ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജവഹർ ലാൽ നെഹ്രു പാർലമെന്റിൽ ഉറപ്പ് നൽകി. 14 ദേശീയ പാർട്ടികൾ ഉൾപ്പെടെ 54 പാർട്ടികൾ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി, ജെ.പി കൃപലാനിയുടെ കിസാൻ മസ്ദൂർ പ്രജാ പാർട്ടി, ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാർട്ടി, ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിലുള്ള ജനസംഘം, ബി.ആർ. അംബേദ്കറുടെ പട്ടികജാതി സ്റ്റേറ്റ് ഫെഡറേഷൻ എന്നിവരായിരുന്നുസജീവമായി രംഗത്തുണ്ടായിരുന്ന പാർട്ടികൾ.68 ഘട്ടങ്ങളിലായി നടന്ന ആദ്യ തെരഞ്ഞെടുപ്പ് 1951 ഒക്ടോബർ 25 ന് ആരംഭിച്ച് 1952 ഫെബ്രുവരി 21 വരെ നീണ്ടു.
314 ഏകാംഗ മണ്ഡലങ്ങളും 172 ദ്വയാംഗ മണ്ഡലങ്ങളും മൂന്ന് ത്രയാംഗ മണ്ഡലങ്ങളും ഉൾപ്പെടെ 489 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റുവിന് ആശങ്ക ഉണ്ടായിരുവെങ്കിലും കാർക്കശ്യക്കാരനായിരുന്ന സുകുമാർ സെന്നിന് തെല്ലും ഉത്കണ്ഠ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് സർവെ നടത്തിയപ്പോൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിലങ്ങുതടിയായി. പലയിടത്തും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സ്ത്രീകൾ തയാറായില്ല. ഭർത്താവിന്റെ കൂടെ ഭാര്യ എന്ന് എഴുതിയാൽ മതി തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു.
പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത 20 ലക്ഷം വനിതാ വോട്ടർമാരെയാണ് സുകുമാർ സെൻ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. അന്തിമപട്ടികയിൽ ഇടം നേടിയ 17.32 കോടി വോട്ടർമാരിൽ 85 ശതമാനം പേരും നിരക്ഷരരായിരുന്നു. തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി ആകാശവാണിയിലും സിനിമാ തിയേറ്ററുകളിലും ബോധവത്കരണ പരിപാടികൾ സംപ്രേഷണം ചെയ്തു.
7.9 കോടി ജനങ്ങൾ വോട്ട് ചെയ്തു. അഥവാ 45.7 ശതമാനം. സ്വതന്ത്ര ഇന്ത്യയിലെ പകുതിയോളം വോട്ടർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ലെങ്കിലും അന്നത്തെ ഭൗതിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മെച്ചപ്പെട്ട പോളിങായിരുന്നു അത്.ജവഹർലാൽ നെഹ്രു പ്രചാരണരംഗത്ത് സജീവമായിരുന്നു. പ്രചാരണത്തിനായി അദ്ദേഹം നാൽപതിനായിരം കിലോമീറ്റർ താണ്ടി. മൂന്നുറോളം റാലികളെ അഭിസംബോധനം ചെയ്തു. രണ്ടു കോടിയോളം വോട്ടർമാരോട് നേരിട്ട്് വോട്ട് അഭ്യർഥിച്ചു. ഫലം വന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ കോൺഗ്രസ് വൻ വിജയം നേടി. 45 ശതമാനം വോട്ടുകൾ നേടിയ കോൺഗ്രസ് 364 സീറ്റുകളിൽ വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 23 സീറ്റും 4.6 ശതമാനം വോട്ടും ലഭിച്ചു. 12 സീറ്റാണ് സോഷ്യലിസ്റ്റ് പാർട്ടിക്ക് കിട്ടിയത്. കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് 9 സീറ്റും
ജനസംഘത്തിന് മൂന്ന് സീറ്റും ലഭിച്ചു. ഹിന്ദു മഹാസഭ നാല് സീറ്റുകളിലും രാമരാജ്യ പരിഷത്ത് മൂന്ന്്സീറ്റുകളിലും ജയിച്ചു.
ഏറ്റവും വലിയ അട്ടിമറി നടന്നത് മുംബൈ സിറ്റി നോർത്ത് മണ്ഡലത്തിലായിരുന്നു. ഭരണഘടനാശിൽപിയും ആദ്യ നിയമമന്ത്രിയുമായ ബി. ആർ. അംബേദ്കർ ദയനീയമായി പരാജയപ്പെട്ടു. പാൽവിൽപ്പനക്കാരനും രാഷ്ട്രീയത്തിൽ കാര്യമായ പരിചയമില്ലാത്തയാളുമായ കോൺഗ്രസ് സ്ഥാനാർഥി കജ്രോൽകർ ആണ് അംബേദ്കരെ തോൽപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here