Advertisement

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം; ആദ്യമായി സെമിഫൈനലില്‍

January 17, 2019
0 minutes Read

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ ചരിത്രജയവുമായി കേരളം. ജയത്തോടെ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ സെമിഫൈനലില്‍ കടന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍   113   റണ്‍സിനാണ് ഗുജറാത്തിനെ കീഴടക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 195 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്തിന് ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും ബൗളിങ്ങിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സിന് ഗുജറാത്തിന്റെ എല്ലാവരും പുറത്താകുകയായിരുന്നു. സ്‌ക്കോര്‍ ബോര്‍ഡില്‍ 50 തികയ്ക്കുന്നതിനു മുമ്പേ തന്നെ നാല് മുന്‍നിരവിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. കേരളത്തിന്റെ ബേസില്‍ തമ്പിയാണ് മാന്‍ ഓഫ് ദി മാച്ച്.

കഥാന്‍ പട്ടേല്‍ (5), പി.കെ.പഞ്ചല്‍ (3), റുജുല്‍ ഭട്ട് (0), ധ്രുവ് റാവല്‍ (17) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. ബേസില്‍ തമ്പി 5 വിക്കറ്റും സന്ദീപ് വാര്യര്‍ 4 വിക്കറ്റും വീഴ്ത്തി. ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലിനെ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടിലൂടെയാണ് മടക്കിയത്.  33 റണ്‍സുമായി രാഹുല്‍ ഷാ ചെറുത്തുനില്‍പ്പിന് ശ്രമം നടത്തിയെങ്കിലും ബേസിലിന്റെയും സന്ദീപിന്റെയും ബൗളിങ് മികവിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മറുവശത്ത് ഗുജറാത്തിന്റെ വിക്കറ്റുകള്‍ ഒന്നൊന്നായി വീണ്ടു കൊണ്ടിരുന്നു.  ഒടുവില്‍ 81 റണ്‍സില്‍ ഗുജറാത്തിനെ തളച്ച് കേരളം ആധികാരികമായി തന്നെ ജയം കൈപ്പിടിയിലൊതുക്കി. ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 171 റണ്‍സിന് പുറത്തായിരുന്നു. 46 റണ്‍സെടുത്ത സിജോ മോന്‍ ജോസഫിന്റെയും 44 റണ്‍സെടുത്ത ജലജ് സക്‌സേനയുടെയും പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് തുണയായത്.

സന്തോഷവും അഭിമാനവുമെന്ന് സച്ചിന്‍ ബേബി

ചരിത്രനേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പ്രതികരിച്ചു. ടീം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് ബൗളിങ് ടീം ഏറെ മികവു പുലര്‍ത്തിയെന്നും വരും മത്സരങ്ങളിലും വിജയം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ ബേബി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top