തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍; പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ തിരക്കിലാണ്. ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു. യുപിയില്‍ എസ്.പിയും ബി.എസ്.പിയും 38 സീറ്റില്‍ വീതം മല്‍സരിക്കുമെന്നാണ് ധാരണ. രണ്ട് സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക് നല്‍കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ഇടതുമുന്നണി യോഗം ആരംഭിച്ചു; ബാലകൃഷ്ണ പിള്ള എത്തി, വി.എസ് ഇല്ല
സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനുള്ള ഇരുപാര്‍ട്ടികളുടെയും തീരുമാനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ 80 സീറ്റുകളിലും ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള നീക്കങ്ങള്‍ക്ക് മാത്രമെ അവര്‍ ശ്രമിക്കൂ എന്നാണ് രാഷ്ട്രീയ വിദ്ഗധര്‍ വിലയിരുത്തുന്നത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും നേരിട്ടുള്ള പോരാട്ടത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ കാടടച്ചുള്ള വെടിയാണ്. ഇതുവഴി ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ സവര്‍ണ വിഭാഗങ്ങളിലുണ്ടായ അതൃപ്തിയെ മറികടക്കുകയാണ് ലക്ഷ്യം.
Read Also: ആ ഫേസ്ബുക്ക് പോസ്റ്റ് ഷാഹിനയുടേതല്ല; മോഷ്ടിച്ചതെന്ന് ആരോപണം
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളെ തുറന്നുകാട്ടി പോര്‍മുഖം തുറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. റഫാലും സ്‌പെക്ട്രം അഴിമതിയുമെല്ലാം വാര്‍ത്തകളിലേക്ക് നിരന്തരം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. മോദി പ്രഭാവം രാജ്യത്ത് കുറഞ്ഞുവരികയാണെന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ തെളിഞ്ഞതോടെ 2014 ആവര്‍ത്തിക്കില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ 2014 ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരിക്കല്‍ കൂടി ഭരണത്തില്‍ വരാമെന്ന വിശ്വാസത്തിലാണ് ബിജെപി.
Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും
ഇതിനിടെ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര്‍ റാവു, മമതാ ബാനര്‍ജി തുടങ്ങിയ പ്രാദേശിക നേതാക്കള്‍ കിങ് മേക്കര്‍മാരാകാന്‍ സാധ്യതകളാരായുന്നുണ്ട്. ഇതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം സംഭവബഹുലമാകാനാണ് സാധ്യത. പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകമാകുന്ന രാഷ്ട്രീയ സാഹചര്യമാകും പൊതുതെരഞ്ഞെടുപ്പിന് ശേഷം സൃഷ്ടിക്കപ്പെടുക എന്ന വിലയിരുത്തല്‍ ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here