ധോണിയ്ക്ക് അര്‍ധസെഞ്ച്വറി; പരമ്പര നേടാനുറച്ച് ഇന്ത്യ

ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. 46 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 198/3 എന്ന നിലയിലാണ് ഇന്ത്യ. 231 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മ(9), ശിഖര്‍ധവാന്‍ (23), വിരാട് കോലി(46) എന്നിവരെയാണ് നഷ്ടമായത്. 65 റണ്‍സുമായി മഹേന്ദ്രസിംഗ് ധോണിയും 34 റണ്‍സുമായി കേദാര്‍ ജാദവുമാണ് ക്രീസിലുള്ളത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ച്വറി തികച്ച ധോണിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 6 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങ് മാജിക്കാണ് ഇന്ത്യയ്ക്ക് തുണയായത്.10 ഓവറില്‍ 42റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ 6 വിക്കറ്റുകള്‍ പിഴുതത്. ചാഹലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അലക്സ് കാരി (5), ആരോണ്‍ ഫിഞ്ച് (14), ഉസ്മാന്‍ ഖവാജ (34), ഷോണ്‍ മാര്‍ഷ് (39) തുടങ്ങിയവരുടെ വിക്കറ്റുകള്‍ ഓസീസിന് തുടക്കത്തിലേ നഷ്ടമായിരുന്നു.27 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്- ഖവാജ കൂട്ടുകെട്ട് നേടിയ 73 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിനെ ഇത്തവണ 39 റണ്‍സില്‍ വെച്ച് ധോണി സ്റ്റമ്പിങ്ങിലൂടെ മടക്കിയയച്ചതോടെ ഓസീസ് സ്‌ക്കോറിംഗിന് വീണ്ടും വേഗത കുറഞ്ഞു.58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ് കോമ്പാണ് ഓസീസിന്റെ ടോപ്സ്‌ക്കോറര്‍. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിട്ടുള്ള ഇരുടീമുകള്‍ക്കും പരമ്പര സ്വന്തമാക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here