Advertisement

കുവൈറ്റിലെ മംഗഫ് അഗ്നിബാധ: മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി 17.31 കോടി കൈമാറി

6 hours ago
3 minutes Read

 2024 ജൂൺ 12-ന് മംഗഫ് അഗ്നിബാധയിൽ മരണപ്പെട്ട  49 എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങളോടുള്ള എൻബിടിസി ഗ്രൂപ്പിന്റെ പ്രതിബന്ധത നിറവേറ്റുന്നതിന്റെ ഭാഗമായി, അവരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദിനാർ (ഏകദേശം 17.31 കോടി രൂപ) ആണ് എൻബിടിസി ഗ്രൂപ്പ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറിയത്.
 
എൻ‌ബി‌ടി‌സി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, കുവൈറ്റിലെ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ്, എൻ‌ബി‌ടി‌സി മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ, എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം, 49 ജീവനക്കാരുടെയും അവകാശികൾക്ക് ഇൻഷുറൻസ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി.
 
എൻ.ബി.ടി.സി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. കുവൈറ്റിൽ നിയപരമായി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമല്ലെന്നിരിക്കെ, എൻ.ബി.ടി.സിയുടെ കുവൈറ്റ്‌, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളീലെ മുഴുവൻ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ പ്രത്യേകമായി കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്‍മെന്റ് അറിയിച്ചു. ഇതുപ്രകാരം, സാധാരണ മരണമോ, അപകട മരണമോ സംഭവിച്ചാലും, അപകടങ്ങളിൽ പരിക്ക് പറ്റിയാലും, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രകാരം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ എൻ.ബി.ടി.സി ലഭ്യമാക്കുന്നുണ്ട്.
 
ഇൻഷുറൻസ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത എൻ‌ബി‌ടി‌സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും, ദുരിതബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എൻ‌ബി‌ടി‌സി ഗ്രൂപ്പിന്റെ പ്രതിബദ്ധതയും പിന്തുണയും ആവർത്തിക്കുകയും ചെയ്തു. ജീവൻ നഷ്ടപെട്ട ഓരോ കുടുംബങ്ങളും എൻബിടിസിയുടെ കൂടി  ഭാഗമാണെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഇനിയും കൂടെയുണ്ടാകുമെന്നും ചടങ്ങിൽ അറിയിച്ചു. എൻ‌ബി‌ടി‌സി മാനേജ്‌മെന്റ് അടുത്ത ആഴ്ച, അഗ്നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
 
ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്, ഒരു നഷ്ടപരിഹാരത്തിനും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ വേദന ശമിപ്പിക്കാൻ കഴിയില്ല. എന്നിരുന്നാലും, തങ്ങളുടെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളേയും വിലമതിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ പരമാവധി വേഗത്തിലും സുതാര്യമായും പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പ്‌ വരുത്തിയെന്ന് അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ നാദിർ അൽ-അവാദി, ഹമദ് എൻ.എം. അൽ-ബദ്ദ, ഇബ്രാഹീം എം. അൽ-ബദ്ദ,
ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി‌.ഐ‌.ജി) ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവരും സംസാരിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും എൻ.ബി.ടി.സി ഗ്രൂപ്പ് കാണിച്ച പ്രയത്നത്തെയും, ചടങ്ങിൽ സംസാരിച്ചവർ പ്രശംസിച്ചു.

Story Highlights : NBTC Hands Over ₹17.31 Crore to Families of Mangaf Fire Victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top