ബിഎസ്എഫ് ജവാൻ തേജ് ബഹാദുറിന്റെ മകൻ മരിച്ചു

സേനയിൽ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് വിവാദങ്ങൾക്ക് വഴിവക്കുകയും പിന്നീട് സർവ്വീസിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്ത
ബിഎസ്എഫ് ജവാൻ തേജ് ബഹാദുറിന്റെ മകൻ രോഹിത്ത് മരിച്ചു. രെവാരി ജില്ലയിലെ ശാന്തിവിഹാറിലെ സ്വവസതിയിലാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിത്ത് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
രോഹിത്തിന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. കയ്യിൽ തോക്കുണ്ടായിരുന്നു. കുംഭമേളയ്ക്കായി അച്ഛൻ തേജ് പോയ സമയത്തായിരുന്നു കൃത്യം നടന്നത്.
Read More : തേജ് ബഹദൂർ യാദവിനെ ബിഎസ്എഫ് പുറത്താക്കി
സൈനികർക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് വീഡിയോയിലൂടെ തുറന്ന് പറഞ്ഞ ജവാൻ തേജ് ബഹദൂർ യാദവിനെ 2017 ലാണ് ബിഎസ്എഫ് പുറത്താക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തേജ് ബഹദൂർ മൂന്ന് മാസമായി സൈനിക വിചാരണയിലായിരുന്നു.
തേജ് ബഹദൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നേടുകയും ലോകം സൈന്യത്തിനെതിരെ തിരിയുകയും ചെയ്തിരുന്നു. ഇത് സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കി എന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്വയം വിരമിക്കാനുള്ള അപേക്ഷ തേജ് ബഹദൂർ വിചാരണയ്ക്കിടെ സമർപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here