ആലപ്പാട് ഖനനം: ജനവികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇ പി ജയരാജന്‍

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച പരാജയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ആലപ്പാട് സമരം തുടരാനുളള സമരസമിതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഇനിയും തയ്യാറാണ്. പ്രശ്‌നബാധിത പ്രദേശം ഉടന്‍ സന്ദര്‍ശിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
ആലപ്പാട് ഖനനത്തിനെതിരെ മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഖനനം താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെയ്ക്കണമെന്നും ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ വാക്കുകള്‍ക്ക് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും വി എസ് പറഞ്ഞിരുന്നു. ശാസ്ത്രീയ ഖനനം തുടരാമെന്ന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി എസ് തുറന്നടിച്ചത്. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ഖനനം നിര്‍ത്തണമെന്ന ആലപ്പാട്ടെ ജനങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. സമരസമിതിയുമായി ഉദ്യോഗസ്ഥ, ജനപ്രതിനിധി തലത്തില്‍ രണ്ട് ചര്‍ച്ചകള്‍ ഇതിനോടകം നടന്നു. സീവാഷ് നിര്‍ത്താന്‍ തീരുമാനമായെങ്കിലും ഖനനം തുടരാനായിരുന്നു ചര്‍ച്ചയില്‍ തീരുമാനം. ഇതില്‍ പ്രതിഷേധിച്ച് സമരം തുടരാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here