മമതാ ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ മഹാ സമ്മേളനം ഇന്ന് കൊല്‍ക്കത്തയില്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ മഹാ സമ്മേളനം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഐക്യ ഇന്ത്യാ റാലിയെന്ന് പേരിട്ട പരിപാടിയില്‍ രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് സൂചന. മമതയുടെ പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷം ഉരുത്തിരിയുന്നത് പശ്ചിമ ബംഗാളില്‍ നിന്നാകുമെന്നാണ് സൂചന. അതിന്‍റെ തലപ്പത്ത് രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയക്കാരി മമത് ബാനർജിയും. ജനതാദള്‍ സെക്യുലർ അധ്യക്ഷന്‍ ദേവഗൌഡ, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാർ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനത ദള്‍ നേതാവ് തേജസ്വി യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള എന്നിങ്ങനെ പ്രാദേശീക നേതാക്കളെ അണിനിരത്തി പ്രതിപക്ഷത്തിന്‍റെ ശക്തി പ്രകടന വേദിയായി നാളത്തെ പരിപാടിയെ മാറ്റാനൊരുങ്ങുകയാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനർജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പകരം ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഖെയും മനു അഭിഷേക് സിംഗ് വി എന്നിവർ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ബഹുജന്‍ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെങ്കിലും സതീഷ് മിശ്രയെ പ്രതിനിധിയായി അയക്കും. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് പ്രാദേശി രാഷ്ട്രീയ പാർട്ടികളുടേതായിരിക്കുമെന്നാണ് മമതാ ബാനർജിയുടെ പക്ഷം. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും 125 സീറ്റിന് മുകളില്‍ പോകില്ലെന്നും ബി ജെ പിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും അവർ കണക്ക് കൂട്ടുന്നു. അനുകൂല സാഹചര്യത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലിയില്‍ ഉയരാനാണ് മമത ബാനർജി ശ്രമിക്കുന്നത്. ഇന്നത്തെ പരിപാടിയുടെ വിജയത്തെ ആശ്രയിച്ചിരിക്കും ഭാവി രാഷ്ട്രീയ നീക്കങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here