ജനങ്ങൾ സഹകരിക്കാതിരുന്നാൽ തന്നെ ഹർത്താലിന് ഒരു പരിധി വരെ പരിഹാരമാകും : മന്ത്രി തോമസ് ഐസക്ക്

ഹർത്താലിനെതിരെ ധനമന്ത്രി തോമസ് ഐസക്. ജനങ്ങൾ സഹകരിക്കാതിരുന്നാൽ തന്നെ ഹർത്താലിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. അടിക്കടിയുളള ഹർത്താലുകൾ ടൂറിസം മേഖലയെ സാരമായി ബാധിച്ചുവെന്നും ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
ട്വന്റി ഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസുമായി നടത്തിയ അഭിമുഖത്തിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ നയം വ്യക്തമാക്കിയത് ഹർത്താൽ സമരം മാറ്റേണ്ട സമയം കഴിഞ്ഞുവെന്ന് തോമസ് ഐസക് വ്യക്തമാക്കി. എല്ലാവർക്കും എളുപ്പത്തിൽ നടത്താമെന്നത് കൊണ്ടാണ് ഹർത്താൽ വ്യാപകമാകുന്നത്. ഹർത്താൽ ആഹ്വാനം ചെയ്താൽ ഉടൻ തന്നെ ജനങ്ങൾ സഹകരിച്ച് വീട്ടിലിരിക്കുന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു. ടൂറിസം മേഖലയിൽ ഹർത്താൽ തിരിച്ചടിയായെന്നും ഇതുമൂലമുള്ള പ്രതിസന്ധി മറികടക്കാൻ കേരളത്തെക്കുറിച്ച് പ്രചാരണം ശക്തമാക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
ബജറ്റിനെ കുറിച്ചുള്ള പ്രതീക്ഷകളും ധനമന്ത്രി പങ്കുവെച്ചു. ജിഎസ്ടിയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെന്നും കേരളത്തിൽ സാമ്പത്തിക ഞെരുക്കമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി, പ്രളയാനന്തര പുനർനിർമ്മാണത്തിനും നവകേരള നിർമ്മാണത്തിനുമായിരിക്കും ബഡ്ജറ്റിലെ പ്രഥമ പരിഗണനയെന്നും ധനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here