1974ല്‍ ശിവാനന്ദന് ആലപ്പാട് ഉണ്ടായിരുന്നത് 51സെന്റ് ഭൂമി, ഇന്ന് ഒരുതരി ഭൂമിയില്ല, കൈമലര്‍ത്തി ഐആര്‍ഇ

1974ല്‍ ശിവാനന്ദനും ഭാര്യ പ്രഭയ്ക്കും വെളനാതുരുത്തില്‍ ഉണ്ടായിരുന്നത് അരയേക്കര്‍ ഭൂമി! എന്നാല്‍ 45കൊല്ലങ്ങള്‍ക്കിപ്പുറത്ത് ഇവിടെ ഇവര്‍ക്ക് ഇവരുടേതായി ഒരു തുണ്ട് ഭൂമി പോലും ഇല്ല. കടലെടുത്തും ഐആര്‍ഇ എടുത്തും ഇവര്‍ക്ക് നഷ്ടമായത് അരയേക്കറോളം ഭൂമിയാണ്. അനധികൃതമായ ഖനനം അനധികൃതമായി തന്നെ ഇവരുടേ ഭൂമി കയ്യടക്കുകയായിരുന്നു. വിശ്വസിക്കാന്‍ പ്രയാസം തോന്നും. അതങ്ങനെയാണ് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ജീവിത കഥകളെല്ലാം വിശ്വസിക്കാന്‍ പ്രയാസമാണ്, അത് അനുഭവിക്കുന്നവര്‍ക്കല്ലാതെ.
ജോലി എന്ന ആദ്യ കരാര്‍ ലംഘിച്ച ഐആര്‍ഇയുടെ കള്ളക്കളി ശിവാനന്ദനും ഭാര്യയും തിരിച്ചറിയുന്നത് അല്‍പം കൂടി വൈകിയാണ്. അത് ഒരു പോലീസ് കേസിലൂടെയാണ്. ഐആര്‍ഇയ്ക്ക് കൊടുത്തതിന് ശേഷം മിച്ചമുള്ള ഭൂമിയിലെ തെങ്ങില്‍ നിന്ന് തേങ്ങ അടത്താന്‍ പോയ പ്രഭയേയും ജോലിക്കാരനേയും പോലീസ് പിടിച്ചതോടെയായിരുന്നു അത്. ഖനനത്തിനായി ഭൂമി വിട്ട് നല്‍കി അല്‍പം കഴിഞ്ഞപ്പോള്‍ തന്നെയായിരുന്നു അത്. അതിന് പിന്നില്‍ ഐആര്‍ഇയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ചതിയുടെ ആഴം ഈ ദമ്പതികള്‍ തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും ഐആര്‍ഇ ഇവരുടെ സ്ഥലത്ത് പിടിമുറുക്കിയിരുന്നു.
അതിനിടെ മിച്ചമുണ്ടായിരുന്ന ഭുമിയിലെ ആറര സെന്റ് സ്ഥലം പ്രഭയും ശിവാനന്ദനും ചേര്‍ന്ന് മറ്റൊരാള്‍ക്ക് കുടികിടപ്പ് നല്‍കി. ബാക്കിയുള്ള 28 സെന്റ് സ്ഥലത്തിന്റെ കരം കൃത്യമായി അടച്ച് വന്നു. എന്നാല്‍ നോക്കിയിരിക്കെ കടലെടുത്തും ഐആര്‍ഇ എടുത്തും ഈ ഭൂമി ഇല്ലാതായിപ്പോകുന്നത് നോക്കി നില്‍ക്കാനെ ഇരുവര്‍ക്കും ആയുള്ളൂ.
കടികിടപ്പ് നല്‍കിയതോട് കൂടി ഇരുപത്തിരണ്ട് ഏക്കര്‍ വിസ്തൃതിയായിരുന്നു ഈ സ്ഥലത്തിന് ഉണ്ടായിരുന്നത്. 2015ല്‍ കരം അടയ്ക്കാനെത്തിയപ്പോള്‍ ഈ ഭൂമി മുഴുവന്‍ ഐആര്‍ഇയുടെ ഖനനമേഖലയാണെന്നാണ് ശിവാനന്ദന് ലഭിച്ച മറുപടി. ഇതെ തുടര്‍ന്ന് ഈ സ്ഥലം റീ സര്‍വ്വെ നടത്തണമെന്ന് ശിവാനന്ദന്‍ ആവശ്യപ്പെട്ടു. ഇതിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. കേവലം ഒമ്പത് സെന്റ് സ്ഥലമാണ് ഇവരുടേതായി ഇന്ന് അവശേഷിക്കുന്നതെന്നായിരുന്നു ആ റിപ്പോര്‍ട്ട്. ആ ഭൂമിയും ഇപ്പോള്‍ കൈവിട്ട് പോയി. 2017-2018ലേക്കുള്ള കരം ഒടുക്കാനെത്തിയപ്പോള്‍ ഈ ഭൂമി ഐആര്‍ഇയുടെ ഖനനമേഖലയില്‍ നിന്ന് കടലില്‍ ഉള്‍പ്പെട്ട് കിടക്കുന്ന സ്ഥലമാണെന്നും ഇവിടെ ഇനി കരം ഒടുക്കേണ്ടതില്ലെന്നായിരുന്നു വില്ലേജോഫീസില്‍ നിന്ന് ലഭിച്ച മറുപടി. ഐആര്‍ഇ കയ്യേറാതെ മിച്ചമുണ്ടായിരുന്നത് കടല്‍ കയ്യടക്കി. ഇത്തരത്തിലുള്ള നിരവധി മനുഷ്യര്‍ ആലപ്പാടുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എന്നെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഖനനം നിയമാനുസൃതമാണെന്നും ഇവിടെ കര കടലെടുക്കുന്നില്ലെന്നും ഐആര്‍ ഇ പറയുന്നത്.
രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇരുവരുടേയും വിവാഹം കഴിച്ചയച്ച വകയിലെ സാമ്പത്തിക ബാധ്യതയെല്ലാം തീര്‍ക്കാന്‍ സാധിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ അന്യാധീനപ്പെട്ട് പോയത്. ആലപ്പാട്ടെ സമരം വാര്‍ത്തകളിലൂടെ അറിഞ്ഞ ശിവാനന്ദന്‍ അന്ന് മുതല്‍ ഈ സമരപന്തലില്‍ ഉണ്ട്. സമരത്തിന് പിന്തുണയുമായി എത്തുന്ന എല്ലാവരോടും ശിവാനന്ദന്‍ തന്റെ കഥ പറയും. എങ്ങനെയെങ്കിലും തന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ തയ്യാറാണ്. പക്ഷേ ഭീഷണിയും ഔദ്യോഗിക തലത്തിലെ അവഗണനയും ഈ വൃദ്ധ ദമ്പതികളുടെ മുന്നില്‍ വിലങ്ങുതടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here