എൻഡോസൾഫാൻ നഷ്ടപരിഹാരക്കേസ്; കീടനാശിനി കമ്പനി മേധാവികൾ ഹാജരാകാൻ കോടതി ഉത്തരവ്

എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ കീടനാശിനി കമ്പനി മേധാവികൾ ഹാജരാകാൻ തിരുവനന്തപുരം സബ് കോടതി ഉത്തരവ്. മാർച്ച് 6 ന് ഹാജരാകാനാണ് കോടതി നിർദേശം .
എൻഡോ സൾഫാൻ ദുരിതബാധിതർക്ക് നൽകിയ 161 കോടി രൂപ 15 കീടനാശിനി കമ്പനികളിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചത്.
പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ എൻഡോസൾഫാൻ തളിച്ചത്. 2003 ൽ എൻഡോസൾഫാൻ നിരോധനം സംസ്ഥാന സർക്കാർ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
മരണമടഞ്ഞവരുടെ ആശ്രിതർക്ക് 5 ലക്ഷം വീതവും അംഗവൈകല്യം സംഭവിച്ചവർക്ക് 3 ലക്ഷം വീതവുമാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത് .ഈ പണം കീടനാശിനി കമ്പനികളിൽ നിന്ന് ഈടാക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടറാണ് കേസ് ഫയൽ ചെയ്തത്.
സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലായതിനാലാണ് കേസ് ഇവിടെ നൽകിയത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here