കളക്ടറേറ്റ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് യുഡിഎഫിന്റെ ഉപരോധം

പ്രളയാനന്തര ഭരണസ്തംഭവം, ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള വഞ്ചന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നടത്തുന്ന ഉപരോധ സമരത്തില്‍ കളക്‌ററേറ്റ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധ സമരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രളയം ഇടത് സര്‍ക്കാര്‍ നിര്‍മ്മിതിയാണെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. ആയിരം ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പുരോഗതിക്കു വേണ്ടി എന്ത് ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. ഇടത് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്ന് പറയുന്ന പദ്ധതികള്‍ ആണുങ്ങള്‍ കൈയിട്ട് പൂര്‍ത്തിയാക്കിയതാണ്. കൊച്ചി മെട്രോ 90 ശതമാനം പൂര്‍ത്തിയാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അതുപോലെ കണ്ണൂര്‍ വിമാനത്താവളം യുഡിഎഫ് സര്‍ക്കാര്‍ 80 ശതമാനം പൂര്‍ത്തിയാക്കി. കൊല്ലം ബൈപ്പാസ് ഉണ്ടായത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്. എംപിയായിരുന്ന പീതാംബരന്‍ കുറുപ്പും വ്യോമസാന സഹമന്ത്രിയായിരുന്ന കെ സി വേണുഗോപാലും അതിന് മുന്‍കൈയെടുത്തുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് രാവിലെ തന്നെ പ്രവര്‍ത്തകര്‍ കളക്‌ററേറ്റ് വളഞ്ഞു. ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഉപരോധം.
കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഇടത് സര്‍ക്കാരിനെതിരെ മുല്ലപ്പള്ളി ആഞ്ഞടിച്ചു. എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ സിപിഐഎമ്മാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഉപരോധത്തിനെത്തി. ജീവനക്കാര്‍ പത്തുമണിക്കുതന്നെ കളക്ടറേറ്റിലെത്തി. ഇവരെ അകത്തു കടത്താന്‍ പൊലീസ് ശ്രമമുണ്ടായെങ്കിലും പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കളക്ടറേറ്റിനുള്ളില്‍ പ്രവേശിച്ചത്. ഇതിനിടെ മാധ്യമം ലേഖകന്‍ സി പി ബീനീഷിനെതിരെ കൈയേറ്റ ശ്രമമുണ്ടായി. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
കൊച്ചിയില്‍ അതിരാവിലെ ഉപരോധം ആരംഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ പത്തുമണിയോടെയെത്തി. ബെന്നി ബഹ്നാനാണ് കൊച്ചിയിലെ ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. ഇടതുമുന്നണി വരുത്തിവെച്ച പ്രളയമാണെന്ന ആരോപണമാണ് നേതാക്കള്‍ ഉന്നയിച്ചത്. പ്രളയത്തിന് ശേഷം ജനങ്ങള്‍ക്ക് ദുരിതാശ്വാസം ലഭിക്കാത്ത അവസ്ഥയുണ്ടായി.ചെറിയ നയം പോലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം, കൊച്ചിയില്‍ സമാധാനപരമായ ഉപരോധമാണ് നടക്കുന്നത്.
ആലപ്പുഴയില്‍ രാവിലെ ആറ് മണിയോടെതന്നെ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉപരോധസമരം ഉദ്ഘാടനം ചെയ്തത്. ഒരു തരത്തിലും ജീവനക്കാര്‍ക്കും അകത്ത് പ്രവേശിക്കാനായില്ല. സമാധാനപരമായാണ് ഉപരോധനം നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here