ശബരിമലയിൽ വിമാനത്താവളം നിർമിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ വിമാനത്താവളം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സാധ്യതാ പഠനം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് കരമന കളിയിക്കാവിള ദേശീയ പാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ . ശബരിമലയിൽ തീർത്ഥാടകർക്ക് ഏറ്റവും മികച്ച സൗകര്യമാണ് ഇത്തവണ ലഭിച്ചത്. ശബരിമലയെ മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും. ശബരിമല വിമാനത്താവളത്തിനായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു
കോവളം – ബേക്കൽ ജലപാത 2020ൽ പൂർത്തിയാകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സെമി ഹൈസ്പീഡ് സമാന്തര തീവണ്ടി പാതയ്ക്ക് റെയിൽവേയുടെ അനുമതി ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ദേശീയ പാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതിയിൽ പെടുത്തി 112.07 കോടിരൂപ ചെലവിലാണ് കരമന കളിയിക്കാവിള ദേശീയ പാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള വികസനം. ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here