‘ഞങ്ങളുടെ തന്ത്രപരമായ കഴിവ്’; പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താൻ

2019-ൽ പുൽവാമയിൽ 40 സിആർപിഎഫ് സൈനികർക്ക് ജീവൻ നഷ്ടമായ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താൻ. പുൽവാമ ഭീകരാക്രമണം പാകിസ്താൻ സൈന്യത്തിന്റെ “തന്ത്രപരമായ കഴിവ്” എന്നായിരുന്നു എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. “പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ കഴിവ് ഉപയോഗിച്ച് ഞങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു” എന്നായിരുന്നു ഔറംഗസേബ് വാർകത്താസമ്മേളനത്തിൽ പറഞ്ഞത്.
“പാകിസ്താന്റെ വ്യോമാതിർത്തി, കര, ജലാശയങ്ങൾ, അവിടുത്തെ ജനങ്ങൾ എന്നിവയ്ക്ക് ഭീഷണിയുണ്ടായാൽ, ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. നമ്മുടെ രാജ്യത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. പാകിസ്താൻ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു” എന്നായിരുന്നു ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും ഒരു നാവികസേന വക്താവും ഔറംഗസേബിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ കണ്ട് തീവ്രവാദികൾക്ക് ആണവായുധ സാങ്കേതികവിദ്യ കൈമാറാൻ ശ്രമിച്ച ആണവ ശാസ്ത്രജ്ഞൻ സുൽത്താൻ ബഷീറുദ്ദീൻ മഹമൂദിന്റെ മകനാണ് ലെഫ്റ്റനന്റ് ജനറൽ ചൗധരി. യുഎൻ സുരക്ഷാ കൗൺസിലിന്റെ അൽ-ഖ്വയ്ദ ഉപരോധ സമിതിയുടെ തീവ്രവാദികളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ട്.
ജെയ്‌ഷെ മുഹമ്മദ് നടത്തിയ പുൽവാമയിവെ ചാവേർ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം പാകിസ്ഥാൻ നിരന്തരം നിഷേധിച്ചിരുന്നു. അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുൽവാമ ആക്രമണത്തെ “ഗുരുതരമായ ആശങ്കാജനകമായ കാര്യം” എന്ന് വിശേഷിപ്പിച്ചെങ്കിലും ആക്രമണത്തിൽ പാക് സൈന്യത്തിന്റെ പങ്കിനെ അദ്ദേഹം തള്ളിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും പാകിസ്താൻ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു.
Story Highlights : Pakistan admits to role in Pulwama terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here