ബുലന്ദ്ഷഹര്‍ സംഭവം: കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിങിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കേസിലെ മുഖ്യമന്ത്രി പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. സുബോദ് കുമാറിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള എസ് പി അതുല്‍ ശ്രീവാസ്തവ പറഞ്ഞു.
ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിനിടെയായിരുന്നു സുബോദ് കുമാര്‍ കൊല്ലപ്പെട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു.
അക്രമികള്‍ പൊലീസിന് നേര്‍ക്ക് നടത്തിയ കല്ലേറില്‍ സുബോദ്് കുമാറിന് ഗുരുതരമായി പരിക്കേറ്റു. സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടു.
ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം ആദ്യ ഘട്ടത്തില്‍ കാര്യക്ഷമമായിരുന്നില്ല. സംഭവം നടന്ന് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പ്രശാന്ത് നട്ട് പൊലീസിന്റെ പിടിയിലാകുന്നത്. സുബോദിന് നേരെ വെടിയുതിര്‍ത്തത് താനാണെന്ന് ഇയാള്‍ പിന്നീട് കുറ്റസമ്മതം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here