Advertisement

ആലപ്പുഴ തിരിച്ച് പിടിക്കാനുറച്ച് സിപിഎം

January 27, 2019
1 minute Read
cpm

കഴിഞ്ഞ രണ്ട് തവണയും കൈവിട്ട ആലപ്പുഴ മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാനുള്ള തയാറെടുപ്പിലാണ് സി പി എം. ഇതിനായി കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള മുതിർന്ന നേതാവിനെ ഇറക്കാനുള്ള ചർച്ചകൾ ആദ്യഘട്ടത്തിൽ നടന്നിരുന്നു എങ്കിലും ഇപ്പോൾ സി.എസ് സുജാതയുടേയും, എഎം ആരിഫിന്റേയും പേരുകൾക്കാണ് പ്രാമുഖ്യം. അതേസമയം സിറ്റിംഗ് എം പിയും എഐ സി സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ തന്നെ മൂന്നാം അങ്കത്തിനിറക്കി മണ്ഡലം നില നിർത്താനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

സി പിഎമ്മിന് സംഘടനാപരമായി ശക്തമായ അടിത്തറയുള്ള മണ്ഡലമായാണ് ആലപ്പുഴ കണക്കാക്കപ്പെടാറുള്ളത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ അപ്രമാദിത്വമൊന്നും നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പികെവിയും, സുശീലാ ഗോപാലനും, ടിജെ ആഞ്ചലോസുമൊക്കെ ഇടത് പ്രതിനിധികളായി ആലപ്പുഴയിൽ നിന്ന് ഡൽഹിക്ക് വണ്ടികയറിയിട്ടുണ്ടെങ്കിലും, വി എം സുധീരനും, വക്കം പുരുഷോത്തമനുമടക്കമുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് ആലപ്പുഴക്കാർ കൂടുതൽ തവണ പാർലിമെന്റിലെത്തിച്ചിട്ടുള്ളത്.

2004-ൽ കെസ് മനോജിലൂടെ ഇടത് മുന്നണി ജയിച്ച് കയറിയെങ്കിലും 2009 ലും 2014 ലും കെ.സി വേണുഗോപാലിലുടെ വമ്പൻ വിജയവുമായി കോൺഗ്രസ് ആലപ്പുഴ തിരിച്ച് പിടിച്ചു. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യം ഇത്തവണ അനുകൂലമാകുമെന്നാണ് സി പിഎം കണക്ക് കൂട്ടൽ. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ആകെയുള്ള 7 അസംബ്ലി സീറ്റുകളിൽ 6 ഇടങ്ങളിലും കഴിഞ്ഞതവണ ഇടത് സ്ഥാനാർത്ഥികളാണ് ജയിച്ച് കയറിയത്. അരൂരിൽ നിന്ന് എ എം ആരിഫും, ചേർത്തലയിൽ നിന്ന് പി തിലോത്തമനും, ആലപ്പുഴയിൽ നിന്ന് ടി എം തോമസ് ഐസക്കും, അമ്പലപ്പുഴയിൽ നിന്ന് ജിസുധാകരനും, കായംകുളത്ത് നിന്ന് സികെ സദാശിവനും, കരുനാഗപ്പള്ളിയിൽ നിന്ന് സി ദിവാകരനും നിയമസഭയിലെത്തിയപ്പോൾ ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പ്രകാരം ഒരുലക്ഷത്തിൽ പരം വോട്ടുകളുടെ മേൽകൈ ഇടത് മുന്നണിക്കുണ്ട്. സിഎസ് സുജാതയുടെ പേരാണ് ഇടത് പാളയത്തിൽ പ്രധാനമായും ഉയർന്ന് കേൾക്കുന്നത് എങ്കിലും ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ അരൂർ എം എൽ എ എ എം ആരിഫിനെ മൽസരിപ്പിക്കണമെന്ന അഭിപ്രായവും ജില്ലാ നേതൃത്വലെ ഒരുവിഭാഗത്തിനുണ്ട്. അതേസമയം സംഘടനാ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ.സി. വേണുഗോപാലിന്റെ വ്യക്തിപ്രഭാവത്തിലൂടെ സി പിഎമ്മിനെ ഇത്തവണയും മറികടക്കാനാക്കുമെന്നാണ് കോൺഗ്രസ് നേതത്വത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി കെ.സി. യെ ഇത്തവണ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്താൻ എ ഐസി സി തീരുമാനിക്കുകയാണെങ്കിൽ പി.സി. വിഷ്ണുനാഥിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.

മണ്ഡലത്തിൽ അത്ര ശക്തമല്ലെങ്കിൽ കൂടി ബിജെപിഇവിടെ നേടുന്ന വോട്ടുകൾ ഇടത്- വലത് മുന്നണികളുടെ വിജയത്തെ സ്വാധീനിക്കുമെന്നതിനാൽ മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഒപ്പം ബിഡിജെ എസ് നോട്ടമിടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ എന്നതിനാൽ എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷമെ അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top