തെരഞ്ഞെടുപ്പിന് സമ്മര്‍ദ്ദം; നിക്കോളസ് മഡൂറോയ്‌ക്കെതിരെ അന്ത്യശാസനവുമായി മൂന്ന് രാജ്യങ്ങള്‍

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്‌ക്കെതിരെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ രംഗത്ത്. എട്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വയ്‌ഡോയെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് ഇവര്‍ അന്ത്യശാസനം നല്‍കി.വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിക്കോളസ് മഡൂറോയ്ക്കുമേല്‍ സമ്മര്‍ദ്ദം ഏറിവരുന്നതിനിടെയാണ് സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
എട്ട് ദിവസത്തിനുള്ളില്‍ നീതിപൂര്‍വവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ മഡൂറോ തയ്യാറായില്ലെങ്കില്‍ ജുവാന്‍ ഗ്വയ്‌ഡോയെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഇതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തങ്ങളുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവസരം വെനസ്വേലന്‍ ജനതയ്ക്ക് ലഭിക്കണമെന്ന് ട്വീറ്റ് ചെയ്തു. ജര്‍മന്‍ സര്‍ക്കാരിന്റെ മാര്‍ട്ടിന ഫിയറ്റ്‌സും ഇതേ അഭിപ്രായം രേഖപ്പെടുത്തി. അതേസമയം ഓസ്ട്രിയ, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ മഡൂറോയെ പിന്തുണക്കുകയാണ്.
നേരത്തെ ലാറ്റിനമേരിക്കയിലെ പ്രമുഖ രാജ്യങ്ങളും അമേരിക്കയും കാനഡയും പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വയ്‌ഡോയെ പ്രസിഡന്റായി അംഗീകരിച്ചിരുന്നു. മഡൂറോയ്‌ക്കെതിരെ വെനസ്വേലന്‍ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് ജുവാന്‍ ഗ്വയ്‌ഡോ സ്വയം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഗ്വയ്‌ഡോയെ പിന്തുണച്ച അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മഡൂറോ. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടണമെന്നും മഡൂറോ നിര്‍ദേശിച്ചിരുന്നു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും വീണ്ടും പ്രസിഡന്റായി മഡൂറോ അധികാരമേറ്റതോടെയാണ് വെനസ്വേലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here