മുല്ലപ്പള്ളി ഒഴികെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം അവസരം നല്‍കിയേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെ സംസ്ഥാനത്തെ സിറ്റിംഗ് എം പിമാർക്കെല്ലാം കോൺഗ്രസ് സീറ്റു നൽകിയേക്കും. ഹൈക്കമാന്റ് സമ്മർദമില്ലാതെ ഉമ്മൻ ചാണ്ടി മത്സരിക്കാൻ ഇടയില്ല. പി സി ചാക്കോയും സീറ്റിനായി പ്രതീക്ഷ പുലർത്തുന്നത് ഹൈക്കമാന്റിലാണ്
ഉമ്മൻ ചാണ്ടിയും വിഎം സുധീരനും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം . മത്സരിക്കാനില്ലന്ന നിലപാടിൽ തന്നെയാണ് ഉമ്മൻ ചാണ്ടി . ഇടുക്കി, ചാലക്കുടി , തൃശൂർ എന്നിവ കോൺഗ്രസ് പ്രത്യേക മേഖലയായാണ് പരിഗണിക്കാറ്. റോമൻ കത്തോലിക്കാ ,യാക്കോബായ, ഹിന്ദു എന്നിങ്ങനെ മൂന്നു വിഭാഗത്തിനും മൂന്നു മണ്ഡലങ്ങളിൽ പങ്കാളിത്തം നൽകുകയാണ് പതിവ്. ഒരു മണ്ഡലത്തിൽ ഹിന്ദു എങ്കിൽ മറ്റു രണ്ടു മണ്ഡലങ്ങളിൽ മേൽപ്പറഞ്ഞ സമുദായക്കാർ എന്നതാണ് സമവാക്യം.
തൃശൂരിൽ സുധീരൻ മത്സരിച്ചാൽ ചാലക്കുടിയിൽ ബെന്നി ബെഹന്നാനോ ഇടുക്കിയിൽ ഡീൻ കുര്യാക്കോസോ മത്സരിക്കും. ചാലക്കുടി യോ തൃശൂരോ ആണ് പി സി ചാക്കോയുടെ കണ്ണ്. ഡൽഹിയുടെ ചുമതലയുള്ള ചാക്കോയ്ക്ക് സീറ്റ് കിട്ടണമെങ്കിൽ ഹൈക്കമാന്റ് കനിയണം. സിറ്റിംഗ് എം പിമാരിൽ മത്സരിക്കാനില്ലന്ന് മുല്ലപ്പള്ളി വ്യക്തമാക്കിക്കഴിഞ്ഞു. കെ വി തോമസിന്റെ കാര്യത്തിൽ ചില എതിർപ്പുകൾ ഉയർന്നെങ്കിലും അദ്ദേഹം അനൗദ്യോഗിക പ്രചരണം തുടങ്ങിക്കഴിഞ്ഞു. വടകരയിലും കാസർകോട്ടും സ്ഥാനാർത്ഥി ആരാകും എന്നത് പ്രവചനാതീതമാണ്. വയനാടിനായി ഷാനിമോൾ ഉസ്മാൻ , എംഎം ഹസൻ ,ടി സിദ്ദിഖ് എന്നിവർ രംഗത്തുണ്ട്. ഐ ഗ്രൂപ്പിന്റെ മണ്ഡലമായതിനാൽ ഹസനും സിദ്ദിഖും ആശങ്കയിലാണ്.
കണ്ണൂരിൽ കെ. സുധാകരന് താൽപ്പര്യമില്ലങ്കിൽ എപി അബ്ദുള്ളക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും .പാലക്കാട് ഷാഫി പറമ്പിലിന്റെ പേരാണ് മുന്നിൽ. ഷാഫി ജയിക്കുകയും നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്താലുള്ള സ്ഥിതി നേതൃത്വം പരിഗണിച്ചേക്കും. കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയ നിയമസഭാ മണ്ഡലമാണ് പാലക്കാട്. വി കെ ശ്രീകണ്ഠന്റെ പേരും സജീവമാണ്.
ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേരിനാണ് മുൻതൂക്കം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകളിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി കടന്നിട്ടില്ല. നാളെ രാഹുൽ ഗാന്ധി കൊച്ചിയിൽ വന്നു പോയിട്ടേ സീറ്റുവിഭജനം, സ്ഥാനാർത്ഥി നിർണയം എന്നിവയടക്കമുള്ള കാര്യങ്ങളിലേക്ക് കോൺഗ്രസ് കടക്കൂ. മുൻവർഷത്തെ സീറ്റ് വിഭജന നിലയാകും ഇത്തവണയും . 16 സീറ്റിൽ കോൺഗ്രസും രണ്ടിടത്ത് ലീഗും ഒന്നിൽ കേരള കോൺഗ്രസും കൊല്ലത്ത് ആര്‍എസ്പിയും മത്സരിക്കും. എം പി വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് ഏറ്റെടുക്കുന്നതോടെയാണ് കോൺഗ്രസ് സീറ്റുകളുടെ എണ്ണം 16 ആവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here