‘നവകേരളം’ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നുവെന്ന് രമേശ് ചെന്നിത്തല; രാഷ്ട്രീയ ആരേപണമെന്ന് ഇ ചന്ദ്രശേഖരന്‍

റീബില്‍ഡ് കേരളാ പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. ആവശ്യത്തിന് പണം കൈയ്യില്‍ ഉണ്ടായിട്ടും ട്രഷറി പൂട്ടുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ അര്‍ഹരിലേക്ക് പണം എത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ റവന്യൂ മന്ത്രി പറഞ്ഞു.
നവകേരള നിര്‍മാണം സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പ്രളയത്തിനിരയായവരെ സര്‍ക്കാര്‍ വഴിയില്‍ ഉപേക്ഷിച്ചുവെന്നും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ എണ്ണം കുറച്ചു കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പരോക്ഷ നിര്‍ദേശം നല്‍കിയതായും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കവെ വി ഡി സതീശന്‍ ആരോപിച്ചു. ഏഴായിരത്തിലധികം കോടി രൂപ കൈയ്യില്‍ ഉണ്ടായിരുന്നിട്ട് 25 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, മാതൃകാപരമായ നിലയിലാണ് സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തതെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here