‘ആരോഗ്യവകുപ്പ് അഴിമതിയുടെ ഈജിയന്‍ തൊഴുത്ത്: ആരോഗ്യമന്ത്രി രാജി വെക്കണം’- രമേശ് ചെന്നിത്തല

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണെന്നും 2025 ജനുവരി 22 ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നോക്കിയാല്‍ കേരളത്തിലെ ആരോഗ്യ രംഗം എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് മനസിലാക്കാമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്തിന്റെ എല്ലാ രേഖകളും സഹിതമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഹോള്‍സെയിലര്‍മാരും തിരിച്ചയയ്ക്കുന്ന ഉപയോഗശൂന്യമായ മരുന്നുകളുണ്ട് അവ കോടിക്കണക്കിന് രൂപ കമ്പനിക്ക് നല്‍കി സര്‍ക്കാര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതാണ് സാധാരണക്കാര്‍ക്ക് നല്‍കിയത്. ഇതുവഴി കമ്പനികള്‍ക്ക് കോടികളുടെ ലാഭവും ഇടനില നിന്നവര്‍ക്ക് കോടികളുടെ കമ്മിഷനും ലഭിച്ചുവെന്നാണ് വിവരം. ഒരുപക്ഷേ, ആ കാലഘട്ടത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരണപ്പെട്ട പാവപ്പെട്ട പല രോഗികളും ഈ കാലാവധി കഴിഞ്ഞ മരുന്നു കഴിച്ചു മരിച്ചവരാകാം. എന്നാല്‍ ഇതേപ്പറ്റി ഒരു അന്വേഷണം പോലും ഈ നിമിഷം വരെയും നടന്നിട്ടില്ല.
ആരാണ് ഈ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വാങ്ങാന്‍ ഉത്തരവിട്ടത്? ആരാണ് കമ്മിഷന്‍ കൈപ്പറ്റിയത്? – അദ്ദേഹം ചോദിക്കുന്നു.
Read Also: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും’:മുഖ്യമന്ത്രി
സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഒരു മൊട്ടുസൂചി വാങ്ങണമെങ്കിലും ആരോഗ്യ മന്ത്രിയുടെ ഓഫിസിന്റെ അനുമതി വേണമെന്നും അപ്പോള്‍ കാലാവധി കഴിഞ്ഞ മരുന്നു വാങ്ങിയതിന്റെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരാണ് എന്നു കണ്ടു പിടിക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സിഎജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണത്തില്‍ ഇതുവരെ അന്വേഷണം നടക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാണ്. ഇതാരെ സംരക്ഷിക്കാനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രികളിലേക്ക് കോടിക്കണക്കിന് രൂപയുടെ ആധുനിക ചികിത്സാ സാമഗ്രികളാണ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടുന്നത്. എന്നാല്‍ ഇവ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫിലിം അടക്കമുള്ള പല അടിയന്തിര വസ്തുക്കളും വാങ്ങാന്‍ മന്ത്രിയുടെ ഓഫീസ് അനുമതി നല്‍കില്ല. ചുരുക്കത്തില്‍ കോടിക്കണക്കിന് രൂപ നല്‍കി വാങ്ങിയ മെഷീനുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി ഇരിക്കുകയും ജനത്തിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു. സ്വകാര്യ ലാബുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഈ കള്ളക്കളിക്ക് മന്ത്രിയുടെ ഓഫീസ് കൂട്ടുനില്‍ക്കുകയാണ്. ഇതിന് ലഭിക്കുന്ന കമ്മീഷന്റെ ഉപഭോക്താക്കള്‍ ആരാണ് എന്നതു അന്വേഷിക്കണം – അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെ കോടികള്‍ നല്‍കി വാങ്ങുന്ന ഈ മെഷീനുകള്‍ക്കുള്ള ആനുവല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ടുകള്‍ക്കുള്ള (എഎംസി) തുക നല്‍കില്ല. അതോടെ ഗ്യാരണ്ടി പിരീഡ് കഴിയുന്ന മുറയ്ക്ക് ഈ മെഷീനുകള്‍ ഉപയോഗശൂന്യമാകും. സര്‍ക്കാര്‍ വീണ്ടും പുതിയ മെഷീനുകള്‍ വീണ്ടും കോടികള്‍ നല്‍കി വാങ്ങും. എന്നിട്ട് കമ്മിഷന്‍ കൈപ്പറ്റും. ഈ കമ്മിഷന്‍ രാജ് ആണ് ആരോഗ്യമന്ത്രാലയത്തില്‍ നടക്കുന്നത്.മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വാങ്ങുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും കോടികളുടെ കമ്മിഷന്‍ ഇടപാടാണ്. സാധാരണക്കാരന്റെ ജീവന്‍ വെച്ചാണ് ഇവര്‍ കളിക്കുന്നത്. ഇവര്‍ക്കു കിട്ടുന്ന കമ്മിഷന്റെ യഥാര്‍ഥ ഇര ഏതെങ്കിലും കുടുംബത്തിന്റെ അത്താണിയുട ജീവനാകാം. അത്ര മനുഷ്യത്വരഹിതമായ അഴിമതിയാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നത്.ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ആരോഗ്യമന്ത്രി തല്‍സ്ഥാനത്തു നിന്ന് മാറി നില്‍ക്കണം. അന്വേഷണം സ്വതന്ത്രമായി നടക്കാനുള്ള അവസരം നല്‍കണം – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തെ ശവപ്പെട്ടി കുംഭകോണത്തിന് സമാനമായി കേരളത്തില്‍ കോവിഡ് കാലത്ത് പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി പി.പി.ഇ. കിറ്റ് വാങ്ങിയപ്പോള്‍ കയ്യിട്ട് വാരി. എന്നിട്ട് തങ്ങളാണ് ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്തിയതെന്ന് വാദിക്കുന്ന ഇവരുടെ അവകാശവാദം കേട്ടാല്‍ നാണിച്ചുപോകും. നിവൃത്തിയില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഭയം തേടുന്ന പാവങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ ക്യാപ്‌സൂളുകള്‍ കിട്ടാനില്ല. അതിന് ചെലവഴിക്കാന്‍ പണമില്ല. പക്ഷേ, ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഴിമതികളും വീഴ്ചകളും മറച്ച് വയ്ക്കാനുള്ള ന്യായീകരണ ക്യാപ്‌സൂളുകള്‍ നിര്‍മ്മിക്കാന്‍ ഇവിടെ സര്‍ക്കാരിന് സമയവും പണവും വേണ്ടുവോളം ഉണ്ട് – ചെന്നിത്തല പറഞ്ഞു.
Story Highlights : Ramesh Chennithala about corruption in Health Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here